ഗൂഗിള്‍ മാപ്പിംഗ്, കേരള പോലീസ് പിന്നെ സര്‍ക്കാരും
ഫെബ്രുവരി അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി രാജ്യത്തിന്റെ മൊത്തത്തിലും കേരളീയരെ പ്രത്യേകിച്ചും ആകര്‍ഷിച്ചത് അതിന്റെ സാങ്കേതികമേന്മയോ കൌതുകമോ കൊണ്ടല്ല, മറിച്ച് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ‘ആശങ്ക’ മൂലമാണ്. ഔദ്യോഗികമായി ഒരു കത്തു തന്നെ ഇന്റലിജന്‍സ് എഡിജിപി നല്‍കി. ലക്ഷ്യം ഒന്നുമാത്രം ഈ ഒത്തുചേരല്‍ തടയണം. ശരിയാണ് എല്ലായിടത്തേയും പോലെ ഇവിടെയും പൊലീസിനാണല്ലോ നീയമ വാഴ്ച,സുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം. അത് അവര്‍ പഴുതുകളില്ലാതെ ചെയ്യുകയും വേണം. എന്നാല്‍ കേരള പോലീസിന്റെ ആശങ്ക ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ ആകേണ്ടതല്ലേ. അതു കൊണ്ടുതന്നെ ഐടി മുന്നേറുന്ന അന്ധ്രാപ്രദേശില്‍ എന്താണ് നടക്കുന്നതെന്ന് നോക്കാം, സൈബരാബാദ് മെട്രോ പൊലീസ്ഔദ്യോഗികമായി തന്നെ ഗൂഗിളിന്റെ മാപ്പിംഗ് സേവനം ഉപയോഗിക്കുന്നു! ജി മെയിലോ ബ്ലോഗറോ ഉപയോഗിക്കുന്നത് പൊലെ നേരെയങ്ങ് ഉപയൊഗിച്ചു തുടങ്ങിയതല്ല അവിടെ, ഗൂഗിളില്‍ നിന്നുള്ളവര്‍ സംസ്ഥാന പൊലീസുമായി നേരില്‍കണ്ട് ചര്‍ച്ച നടത്തിയാണ് മാപ്പിംഗ് സേവന പരിശീലനം നടത്തിയത് എന്നു കൂടിയറിയുക. നമ്മുടെ സംസ്ഥാനത്ത് ഇല്ലാത്ത ആശങ്കയും പിണക്കവും അയല്‍വക്കത്തെ ഇണക്കവുമറിയാന്‍ ഈ വിലാസം നോക്കുകhttp://www.cyberabadpolice.gov.in/police.html .ആന്ധ്രയില്‍ എത്രകാര്യക്ഷമമായാണ് ഒരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സൈബര്‍ ഭൂമിയില്‍ വരച്ചിട്ടിരിക്കുന്നത്. കേരളത്തില്‍ ചില അവസരങ്ങളിലെങ്കിലും കുറ്റകൃത്യം, വാഹനാപകടം ഒക്കെ സംഭവിക്കുമ്പോള്‍ ഇത് എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയല്ല എന്ന് തര്‍ക്കമുണ്ടാകുന്നതിന് നാം സാക്ഷിയാണല്ലോ, സൈബരാബാദില്‍ ഇതൊഴിവാക്കി എന്നുമാത്രമല്ല എത് സ്ഥലത്ത് നിന്നും പരാതി അയക്കാനും അത് പിന്തുടരാനും സാധിക്കുകയും ചെയ്യുന്നു. സംസ്ഥാന പൊലീസിന്റെ ആശങ്ക ശരിയെങ്കില്‍ അത് ഇത്തരത്തില്‍ ആണോ പ്രകടിപ്പിക്കേണ്ടത്, സാങ്കേതിക പരമായും നീയമപരമായും മേല്‍നടപടിക്കായി കേന്ദ്രസര്‍ക്കാരിലേക്കോ അല്ലെങ്കില്‍ ഐഐടി/സിഡാക്ക് പോലെയുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെ സമീപിച്ച് വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ട് വാങ്ങുകയും പ്രസിദ്ധപ്പെടുത്തുകയും അല്ലേ ചെയ്യേണ്ടത്.
ഇന്റര്‍നെറ്റ് കാലത്ത് ജനങ്ങള്‍ ‘ഗൂഗിള്‍ മാപ്പ് + ഇന്ത്യാ പോലീസ്‘ എന്ന് സര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ ലഭ്യമാകുന്ന വിവരത്തില്‍ സൈബരാബാദിന്റെ ഗൂഗിള്‍ ചങ്ങാത്തവും കേരളത്തിന്റെ പിന്തിരിയലും ദൃശ്യമാകുന്നത് ആശാവഹമല്ല.രാജ്യസുരക്ഷയാണ് മാനദണ്ഡമെങ്കില്‍ രാജ്യമൊട്ടുക്കും ഒരു നയമല്ലേ അഭികാമ്യം. മാത്രവുമല്ല ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്ന ഐഎസ്‌ആര്‍ഓ ഇക്കഴിഞ്ഞ വര്‍ഷമാണല്ലോ ഭുവന്‍ എന്ന സമാന സംരംഭവുമായി രംഗത്തെത്തിയത് അന്നും ഈ ആശങ്ക പ്രകടിപ്പിച്ചു കണ്ടില്ല. ഈ മാപ്പിംഗ് പാര്‍ട്ടി നടത്തിയില്ലെങ്കിലും ഗൂഗിള്‍ മാപ്പില്‍ നേരത്തേ തന്നെ കേരള വിവരങ്ങള്‍ സമൃദ്ധമായി ഉണ്ടല്ലോ അത് എത്രയോ റിപ്പോര്‍ട്ടുകളായി ദിനപത്രങ്ങളിലും ഐടി മാസികകളിലും വന്നിരിക്കുന്നു. അന്നൊന്നും എതിരഭിപ്രായം ഉയര്‍ത്താതിരുന്നതെന്തേ? മാത്രമല്ല യാഹൂ,മൈക്രോസോഫ്‌ട്,നോക്കിയ ഒവിഐ ,ഓപ്പണ്‍ സ്റ്റ്രീറ്റ് എന്നിവയുടെ മാപ്പും ഉണ്ടല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ മാപ്പ് ഈ ലിങ്കില്‍ നോക്കുകhttp://www.vigyanprasar.gov.in/mapnew.htm .കേന്ദ്ര സര്‍ക്കാരും ആന്ധ്രാ പൊലീസും നേരിട്ട് തന്നെ ഗൂഗിളിന്റെ സേവനം ഉപയോഗിക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇതില്‍ എതിര്‍പ്പുയരുന്നതിന്റെ കാരണം സാങ്കേതികപരമായ അജ്ഞത കൂടിയല്ലേ.
ഇന്നത്തെ സാഹചര്യത്തില്‍ നാം മികവോടെ മുന്നോട്ട് പോകണമെങ്കില്‍ വിവരവിനിമയ സാങ്കേതികവിദ്യയേ സഫലമായി ഉപയുക്തമാക്കിയേ പറ്റൂ, ആശങ്ക മൂലം അല്പകാലത്തേക്കെങ്കിലും തടസം വരുന്നത് പോലും ദൂരവ്യാപകമായി നമ്മെ ബഹുകാതം പിന്നിലാക്കും. സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി ആശങ്കകള്‍ ഉണ്ടാകുന്നത് സ്വഭാവികം എന്നാല്‍ സന്ദേഹം കൃത്യമായി പരിഹരിക്കാനും ഇതുയര്‍ത്തിയ കേന്ദ്രങ്ങള്‍ തന്നെ നടപടിയെടുക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്നതാണങ്കില്‍ അത് ഗൂഗിള്‍ പോലെയുള്ള എജന്‍സികളുമായി സംസാരിച്ച് വ്യക്തത വരുത്തി തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വിശദവിവരത്തിന്റെ ദൃശ്യസൂക്ഷ്മത കുറയ്ക്കാം, അല്ലെങ്കില്‍ യുക്തമായ മറ്റെന്തെങ്കിലും പോംവഴി തേടാം. പക്ഷെ ഇതിന് രാജ്യം മുഴുവന്‍ ഒരു എകീകൃത നയവും രൂപവും ആകണം.
ഇന്റലിജന്‍സ് എഡിജിപിയുടെ കത്തിന് മുന്നെ സംസ്ഥാന റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഭൂമി കേരളം‘ പദ്ധതി ഒരു ഐഎഎസ് ഓഫീസറും എതാനും ഉദ്യോഗസ്ഥരും ഉള്‍പ്പടെ കുറച്ച് പേരേ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിക്കയക്കാന്‍ തീരുമാനം എടുത്ത് തയാറെടുക്കുകയും ചെയ്തു. കത്തിന് ശേഷം മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ടാകണം എല്ലാവരും വിട്ടു നിന്നു. ഈ മീറ്റിംഗിനുള്ള ക്ഷണം മെയില്‍ വഴി ലഭിച്ചപ്പോള്‍ കര്‍ശനമായ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. വൈ-ഫൈ ലാപ്‌ടോപ്പ് ഉണ്ടായിരിക്കണം നിര്‍ബന്ധമായും പങ്കെടുക്കണം ഇല്ലെങ്കില്‍ ക്യൂവില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഊഴം കൈമാറും. പരിമിതമായ സീറ്റുമാത്രമേ ഉള്ളൂ എന്നോര്‍മിപ്പിക്കാനും മറന്നില്ല. എന്നാല്‍ അന്നേ ദിവസം എത്തിചേര്‍ന്നത് കേവലം മുപ്പത് പേരില്‍ താഴെ മാത്രം. ഏറെ മാധ്യമപ്രവര്‍ത്തകരും, വിവാദം ഇല്ലെങ്കില്‍ സ്ഥിതി മറിച്ചായേനേ. ആകെ നിറം കെട്ട പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലരാകട്ടെ പൊലീസ് വരുമോ എന്ന ആശങ്കയിലുമായിരുന്നു, കൂട്ടത്തില്‍ ഒരാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെന്ന വര്‍ത്തമാനം എതാനും മിനുട്ടുകള്‍ക്കകം ട്വിറ്ററില്‍ എത്തി, പടരുകയും ചെയ്തു.
സിറ്റിസണ്‍ കാര്‍ട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുക എന്ന സദുദ്ദേശത്തോടെയാണ് ഗൂഗിള്‍ പരിപാടി സംഘടിപ്പിച്ചത്.ഒരു പണി ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലതും എളുപ്പവും അത് കൂട്ടായി ചെയ്യുന്നതാണന്നതിന് വിക്കിപീഡിയ തന്നെ മികച്ച ഉദാഹരണം, ഇന്റര്‍നെറ്റിലൂടെ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ചെയ്യാമെന്നതും ചിലവ് കുറവാണന്നതും എല്ലാവരേയും ആകര്‍ഷിച്ചു. വികേന്ദ്രീകൃതമായി ചെയ്യുന്നതിന്റെ ഗുണവും അളവും വര്‍ധിപ്പിക്കാന്‍ ഇത്തരം മുഖാമുഖ പരിപാടികള്‍ ഉപകരിക്കുമെന്ന ബോധ്യമാകണം ഒട്ടേറെ പേരെ ഇതില്‍ സംബന്ധിക്കാന്‍ പ്രേരിപ്പിച്ചതും.എതായാലും കേരളത്തിലെ സമീപകാല ശാസ്ത്ര സാങ്കേതിക ചരിത്രമെഴുതിയാല്‍ ഈ ഗൂഗിള്‍ പിണക്കത്തെ ഒഴിവാക്കാനാകില്ല, ഭാവിയില്‍ ആവര്‍ത്തിക്കാതെയിരിക്കാനെങ്കിലും ഇത്തരം രേഖപ്പെടുത്തലുകള്‍ അനിവാര്യമാണ്‍. IEEE, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ(CSI) എന്നീ സ്ഥാപനങ്ങളുടെ കേരള ഘടകം നേരിട്ട് ഈ പരിപാടിയുമായി ആദ്യന്തം സഹകരിക്കുകയും ചെയ്തു, ഒരു വ്യത്യാസം മാത്രം. കത്തിന് മുന്നെ ഈ രണ്ടു സംഘടനകളുടേയും ലോഗോ അടക്കം വിവരങ്ങള്‍ മാപ്പിംഗ് പാര്‍ട്ടി വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. വിവാദ(മാന!) ഭയത്താലാകണം ലോഗോയും മറ്റും നീക്കം ചെയ്ത് പരോക്ഷമായി ഇവര്‍ക്ക് പരിപാടിയില്‍ സഹകരിക്കേണ്ടി വന്നത്. അതേ സമയം ഗൂഗിളിന്റെ വാണിജ്യ താത്പര്യം സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രേമികളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട് ഈ ‘സുരക്ഷാ വിവാദ പ്രളയത്തില്‍ ‘ കാര്യമായ ചര്‍ച്ചയ്ക്കെത്തിയില്ല എന്നതാണ് ദുഖകരമായ വസ്തുത.
തീര്‍ച്ചയായും ആധുനീകരിക്കേണ്ട ചില മേഖലകളുണ്ട്, ഭൂവിവരങ്ങളും അനുബന്ധവിവര സന്നാഹങ്ങളും അക്കൂട്ടത്തില്‍ പെടുന്നു. മാത്രമല്ല ആസന്ന ഭാവികാലത്തില്‍ തന്നെ മൊബൈല്‍ ഫോണിലൂടെ നമ്മുടെ നാട്ടില്‍ ഗൂഗിള്‍ മാപ്പ് വഴി തൊട്ടടുത്ത എടിഎം/പെട്രോള്‍ ബങ്ക്/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /ആശുപത്രി/മെഡിക്കല്‍ സ്റ്റോര്‍ /ഷോപ്പിംഗ് മാളുകള്‍ എന്നിവ എവിടെയെന്ന് തിരയുന്ന കാലം വരും, ചിലപ്പോള്‍ പൊലീസ് സ്റ്റേഷനാണ് തിരയുന്നതെങ്കിലോ?
No comments:
Post a Comment