കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത് പഠിക്കണം....? എവിടെ പഠിക്കണം....?
എവിടെ പഠിക്കണം?കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്. ഐ.ടി. മേഖല നല്‍കുന്ന മികച്ച ശമ്പളം മാത്രമാകരുത് പ്രചോദനം. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി ഫീസ്, കോഴ്‌സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്‌മെന്റ് റെക്കോര്‍ഡ് എന്നിവ കൂടി പരിഗണിച്ചാല്‍ ഉചിതമായ തിരഞ്ഞെടുപ്പ് നടത്താം.
പരസ്യത്തിന്റെയും തെറ്റിദ്ധരിപ്പിക്കലിന്റെയും വിഹാരരംഗമാണ് കംപ്യൂട്ടര്‍, ഐ. ടി പഠനരംഗം. കള്ള നാണയങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. വന്‍ പണച്ചിലവിനും, സമയ നഷ്‌ടത്തിനും ശേഷം തെറ്റായ തിരഞ്ഞെടുപ്പായിരുന്നു ഞാന്‍ നടത്തിയതെന്ന നിഗമനത്തിലെത്തുന്നതിലും ഉചിതം, കംപ്യൂട്ടര്‍, ഐ.ടി മേഖലകളിലായി പരന്നുകിടക്കുന്ന വിവിധ കോഴ്‌സുകളെ പറ്റി ഏകദേശ ധാരണയുണ്ടാക്കുകയും ഇങ്ങനെ നേടുന്ന പഠനപദ്ധതി സംബന്ധമായ ആശയങ്ങളോടൊപ്പം നമ്മുടെ കഴുവുകളെ പറ്റിയുള്ള സത്യസന്ധമായ വിലയിരുത്തല്‍ കൂടി നടത്തിയാല്‍ നിഷ്‌പ്രയാസം കോഴ്‌സ് പൂര്‍ത്തിയാക്കി മികച്ച ശമ്പളത്തോടെയുളള ഒരു ഐ.ടി പ്രൊഫഷണലാകാവുന്നതേയുള്ളൂ.
പ്രധാനമായും രണ്ടുതരം കോഴ്‌സുകളാണ് ലഭ്യമായിട്ടുള്ളത്. സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍. രണ്ടാമതായി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. സ്വകാര്യസ്ഥാപനങ്ങളുടെ കോഴ്‌സ് കരുതലോടെ വേണം സമീപിക്കാന്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ തന്നെ എന്‍.ഐ.ഐ.ടി/അപ്‌ടെക്/അരീന പോലെ തികച്ചും പ്രൊഫഷണലായി നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട് ഒപ്പം തട്ടിപ്പ് സ്ഥാപനങ്ങളും്. കോഴ്‌സിനെ പറ്റി അന്വേഷിക്കുന്ന വേളയില്‍ തന്നെ ഫീസ്, സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന എജന്‍സി, കോഴ്‌സ് ദൈര്‍ഘ്യം, ഇപ്പോള്‍ പഠിക്കുന്നവരുടെ ജോലി ലഭ്യത, ഭാവിയില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയോടെ ചോദിച്ച് മനസ്സിലാക്കുക.അതിന് ശേഷം വിവേകപൂര്‍ണമായ രീതിയില്‍ ചിന്തിച്ച് പഠനപദ്ധതി തിരഞ്ഞെടുക്കാം.
എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സര്‍വ്വകലാശാലകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിന് മറ്റൊരു മാനദണ്ഡം സ്വീകരിക്കുക. കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, സ്വതന്ത്ര ഏജന്‍സികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാറുള്ള റേറ്റിംഗ്, അദ്ധ്യാപകരുടെ യോഗ്യത, കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച കുട്ടികളുടെ റാങ്ക് (എന്‍ട്രന്‍സ്), പ്ലേസ്‌മെന്റ് റെക്കോര്‍ഡ്, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണം ഉണ്ടെങ്കില്‍ അത് , സ്ഥാപനം നല്‍കുന്ന വര്‍ണശബളമായ പരസ്യം മാത്രം ആശ്രയിക്കാതെ സ്വതന്ത്രമായ ഒരു അന്വേഷണം തന്നെ നടത്തുക. ഇതിലൊക്കെ ഉപരിയായി വിദ്യാഭ്യാസം എന്നതുകൊണ്ട് കേവലം തൊഴില്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്.
ഒരുകാലത്ത് വിദ്യഭ്യാസം എന്നത് അധ്വാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു. ഇന്ന് കാര്യം നേരെ തിരിച്ചാണ്. അധ്വാനത്തെ കൂടുതല്‍ ഉത്‌പാദനപദവും കാര്യക്ഷമമാക്കാനും ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നു. തൊഴില്‍ എന്നത് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഘടകമാണ്. ഒപ്പം സ്വയം തൊഴിലും ശ്രദ്ധപതിപ്പിക്കേണ്ട മേഖലയായി നമ്മള്‍ കണക്കാക്കി തുടങ്ങിയിട്ടുണ്ടോ എന്നത് സംശയമാണ്.
കോഴ്‌സ് ഏതുമാകട്ടെ സ്വയം തൊഴില്‍ സാധ്യമാണ്. ഐ.ഐ.ടി യില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ നാരായണ മൂര്‍ത്തി ഇന്ന് 60,000 ലേറെ പ്രൊഫഷണലുകള്‍ക്ക് ജോലി കൊടുക്കുന്ന ഇന്‍ഫോസിസ് എന്ന സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു. ഇത് മികച്ച സ്ഥാപനങ്ങളില്‍ നിന്നുമാത്രം സാധിക്കുന്ന കാര്യമാണെന്ന് അബദ്ധ ധാരണ വേണ്ട. കേവലം മൂന്നുമാസം മാത്രം നീളുന്ന ഡി. ടി. പി കോഴ്‌സ് പഠിച്ച വനിതകള്‍ വരെ ചെറുകിട ഡി.ടി.പി സ്ഥാപനങ്ങള്‍ നടത്തി തൊഴില്‍ തേടിയവരെക്കാളും മാന്യമായ രീതിയില്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. തൊഴില്‍ ആയാലും സ്വയം തൊഴില്‍ ആയാലും കംപ്യൂട്ടറും വിവര സാങ്കേതിക വിദ്യയും അവസരങ്ങളുടെ അനന്തമായ പാതയാണ് കാട്ടിത്തരുന്നത്.
ഈ ലേഖന പരമ്പരയിലൂടെ വിവിധ കംപ്യൂട്ടര്‍/ ഐ.ടി പഠന ശാഖകളെപറ്റി മനസ്സിലാക്കാം. വിദ്യാഭ്യാസ യോഗ്യത, അവസരങ്ങള്‍, എന്‍ട്രന്‍സ് കടമ്പകള്‍, മറ്റ് സാധ്യതകള്‍ എന്നിവ പങ്കുവയ്‌ക്കുന്നു.
ബിരുദതലപ്രോഗ്രാമുകള്‍
സര്‍വകലാശാലകള്‍,സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുളള കോളേജുകള്‍, കല്‍പ്പിത സര്‍വകലാശാല പദവി ലഭിച്ചിട്ടുളള സ്ഥാപനങ്ങള്‍ എന്നിവയാണ് കംമ്പ്യൂട്ടര്‍,ഐ.ടി. ബിരുദം നല്‍കാനായി അധികാരപ്പെടുത്തിയിട്ടുളള സ്ഥാപനങ്ങള്‍, ഇതുകൂടാടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് (ഇന്ത്യ) പോലുളള സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മെമ്പര്‍ഷിപ്പും (AMIE) ബിരുദത്തിന് തുല്യയോഗ്യതയായി കണക്കാക്കുന്നു. ബി.ടെക്, ബി.ഇ, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.എസ്.സി(ഐ.ടി), ബി.സി.എ. എന്നിവയാണ് ബിരുദതലത്തില്‍ ലഭ്യമായ പ്രോഗ്രാമുകള്‍. എല്ലാറ്റിന്റേയും പ്രവേശയോഗ്യത പ്ലസ്‌ടു/ എന്‍ജിനിയറിംഗ് ഡിപ്ലോമ ആണ്. യോഗ്യതാ പരീക്ഷയിലെ മിനിമം മാര്‍ക്കും, പ്രവേശന പരീക്ഷയും ഒക്കെ വിവിധ സര്‍വകലാശാലകള്‍ക്കും വ്യത്യസ്‌ത മാനദണ്‌ഡമാണ്. നേരിട്ടു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇഗ്നോ പോലുളള ഓപ്പണ്‍ യൂണിവേഴിസിറ്റികള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദധാരികള്‍ ആകാനുളള അവസരം നല്‍കുന്നുണ്ട്. ബി.എസ്.സി,ബി.സി.എ. പ്രോഗ്രാമുകളാണ് വിരൂദവിദ്യാഭ്യാസം വഴി നേടിയെടുക്കാന്‍ സാധിക്കുന്നത്.
എന്‍ജിനിയറിംഗ് ബിരുദം
നാലുവര്‍ഷം നീളുന്ന ബി.ടെക്/ബി.ഇ ആണ് എന്‍ജിനിയറിംഗ് ബിരുദം. പ്ലസ്‌ടു യോഗ്യതയ്‌ക്ക് ഒപ്പം സര്‍ക്കാര്‍ ഏജന്‍സികളോ സര്‍വകലാശാലകളോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മികച്ച റാങ്കും നേടേണ്ടതുണ്ട്. മിക്ക സ്ഥാപനങ്ങളിലും അവസാനവര്‍ഷത്തെ പാഠ്യപദ്ധതി തുടങ്ങുന്നതിനു മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ മികച്ച കമ്പനികളില്‍ കാംപസ് പ്ലേസ്‌മെന്റ് ലഭിക്കുന്നതിന് അവസരമുണ്ട്. സവിശേഷരീതിയില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയും കാംപസ് പ്ലേസ്‌മെന്റും തന്നെയാണ് എന്‍ജിനിയറിംഗ് ബിരുദത്തിന്റെ ആകര്‍ഷണീയത. കംമ്പ്യൂട്ടര്‍/ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ എന്‍ജിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ ശാഖ തന്നെ പഠനത്തിനായി തന്നെ തെരഞ്ഞെടുക്കണമെന്നില്ല എന്നതാണ് മറ്റെല്ലാ പ്രോഗ്രാമുകളില്‍ നിന്നും ബി.ടെക്/ബി.ഇ. യെ വ്യത്യസ്‌ത മാക്കുന്നത്.
സിവില്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/കെമിക്കല്‍ തുടങ്ങിയ പഠനപദ്ധതികളില്‍ പഠിക്കുന്നവര്‍ക്കും അഭിരുചിയുളള പക്ഷം നിഷ്‌പ്രയാസം മികച്ച സ്ഥപനങ്ങളില്‍ സാമാന്യം ഉയര്‍ന്ന പ്രതിഫലത്തോടെ ജോലി നേടാവുന്നതെയുളളു. ഇതിനായി പുറത്തുളള സ്ഥാപനങ്ങളില്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിക്കണമെന്ന് പോലുമില്ല. റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ യുക്തമായ പരീശീലനം നല്‍കി ജോലിയ്‌ക്ക് പ്രാപ്‌തരാക്കും എന്നിരുന്നാലും എന്‍.ഐ.ഐ.ടി പോലുളള സ്വകാര്യസ്ഥാപനങ്ങള്‍ ബിരുദ ത്തിന്‌് ഒപ്പം പഠിക്കാവുന്ന രീതിയില്‍ കമ്പ്യൂര്‍ പഠനം ഒരുക്കിയ്‌ട്ടുണ്ട്. ഇത് ജോലി ലഭിക്കാനും അഭിരുചി വര്‍ദ്ധിപ്പിക്കാനും ഉതകും.
മികച്ച ആശയവിനിമയ ശേഷി, ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുന്നതിലെ പാടവം, യുക്തിപരമായ വിശകലനശേഷി അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ് കാംപസ് അഭിമുഖത്തിന് പ്രതീക്ഷിക്കാവുന്നത്. നാസ്‌കോം, പോലുളള വ്യവസായ സംഘടനകള്‍ ഐ.ടി, ഐ.ടി. അനുബന്ധമേഖലകളില്‍ തൊഴില്‍ അവസരത്തിന് വന്‍സാധ്യാതകളാണനുളളതും അതിനുവേണ്ട അടിസ്ഥാന സൗകരങ്ങള്‍ ഒരുക്കാന്‍ കോളേജുകളോട് അഭ്യാര്‍ത്ഥിക്കുകയും ചെയ്യുന്നു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള പാക്കേജുകള്‍ മികച്ച കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കമ്പൂട്ടര്‍, ഐ.ടി. എന്നീ പഠനപദ്ധതികളില്‍ ഘടനാരീതിയില്‍ തന്നെ മാറ്റമുണ്ട് കമ്പ്യൂട്ടര്‍ സയന്‍സിനാണ് നിലവില്‍ കൂടുതല്‍ ആവശ്യക്കാരുളളത്. കമ്പ്യൂട്ടര്‍ സയന്‍സ് പാഠ്യപദ്ധതി പ്രധാനമായും നിലവിലുളള ഹാര്‍ഡ് വെയര്‍, സോഫ്‌ട് വെയര്‍ എന്നിവയെ പരിഷ്‌ക്കരിക്കുക, പുതിയ ഹാര്‍ഡ് വെയറും സോഫ്‌ട് വെയറും രൂപകല്‌പനചെയ്യുക, ഇന്‍സ്‌റ്റാള്‍ ചെയ്‌ത കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് പരിപാലിക്കുക, എന്നിവയിലാണ് ഊന്നല്‍ നല്‍കുന്നത്. ഇവിടെ സോഫ്‌ട് വെയര്‍ എന്നതുകൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റം, ഒരു പ്രത്യേക ജോലിചെയ്യാന്‍ ആവശ്യമായ ആപ്ലിക്കേഷന്‍ സോഫ്‌ട് വെയര്‍ എന്നിവ വികസിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഐ.ടി. സിലബസ് തയാറാക്കിരിക്കുന്നത് സോഫ്‌ട് വെയര്‍ ഭാഗത്തിനു തന്നെ സവിശേഷ ഊന്നല്‍ നല്‍കിയാണ്. അതിനാല്‍ ആപ്ലിക്കേഷന്‍ സോഫ്‌ട് വെയറിലാണ് കൂടുതല്‍ ശ്രദ്ധപതിച്ചിരിക്കുന്നത്. വിവരവിനിമയ വ്യവസായ ലോകത്തെ മനുഷ്യവിഭവശേഷിയുടെ ആവശ്യം പൂര്‍ത്തിക്കരിക്കത്ത രീതിയിലാണ് പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഓരോ 12 മാസത്തിനിടയ്‌ക്ക് തന്നെ പുതിയ ആപ്ലിക്കേഷന്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമകാലിക വ്യവസായിക ലോകത്തോട് കിടപിടിക്കുന്ന രീതിയിലാണോ, 5 വര്‍ഷം കൂടുമ്പോള്‍ മാത്രം പുതുക്കുന്ന സിലബസുളള നമ്മുടെ സര്‍വകലാശാല സംവിധാനങ്ങള്‍ മത്സരിക്കുന്നത് എന്ന സംശയം നിര്‍ണായകം. അതുകൊണ്ട് തന്നെ ഐ.ടി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞുകൊണ്ടിരുക്കുകയും ചെയ്‌താല്‍ ജോലി അവസരങ്ങള്‍ അനവധിയാണ്.
എന്‍ജിനീയറിംഗ് ബിരുദത്തിന്റെ ആദ്യവര്‍ഷത്തെ പാഠഭാഗങ്ങള്‍ എല്ലാ എന്‍ജിനീയറിംഗ് ശാഖകളെക്കുറിച്ചും സ്‌പര്‍ശിച്ചാണ് കടന്നു പോകുന്നത്. അതുകൊണ്ട് ഇതര ശാഖകളുമായി ബന്ധപ്പെട്ട സോഫ്‌ട് വെയര്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ മറ്റ് ബിരുദധാരികളെ അപേക്ഷിച്ച് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കു മിടുക്കുണ്ടാകും.എന്‍ജിനിയറിംഗ്
പ്രവേശനം എങ്ങനെ : പ്ലസ്‌ടു അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് പ്രവേശനത്തിനുളള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. ഇതിനോടൊപ്പം വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവേശപരീക്ഷയിലും മികച്ച സ്ഥാനം കരസ്ഥാമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിംഗ് കോളേജിലേക്കും പ്രവേശനത്തിനുളള പരീക്ഷ നടത്തുന്നത് കേരളാ എന്‍ട്രന്‍സ് കമ്മീണറേറ്റ് ആണ്. ഏപ്രില്‍/മേയ് മാസങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. (www.cee-kerala.org).റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചശേഷം ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് പ്രവേശനസമയപ്പട്ടിക പ്രസിദ്ധീകരിക്കുകയും അതനുസരിച്ച് ഓണ്‍ലൈനായി തന്നെ ഓപ്‌ഷനുകള്‍ നല്‍കി കോളേജും പഠനശാഖയും തിരഞ്ഞെടുക്കാം.
കോഴ്‌സിനേക്കാളും കോളേജിനാണ് മുന്‍തൂക്കം എന്നോര്‍ക്കുക. മികവാര്‍ന്ന അടിസ്ഥാനസൗകര്യങ്ങളും, അധ്യാപകസമൂഹവും, പ്ലേസ്‌മെന്റ് നിലവാരവും ഉളള കോളേജുകളാണ് സാധാരണയായി കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുക. ഫീസ് ഘടനയും കോളേജ് തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നുണ്ട്.
കേരളാ സര്‍ക്കാറിന്റെ എന്‍ട്രന്‍സ് പരീക്ഷ കൂടാതെ തന്നെ മറ്റ് പ്രവേശന പരീക്ഷകളും കേരളത്തില്‍ തന്നെയുളള എന്‍ജിനീയറിംഗ് പ്രവേശനത്തിന് എഴുതാവുന്നതാണ്. രാജ്യത്തെ മികച്ച സാങ്കേതിക സര്‍വകലാശാലയായ കുസാറ്റ് (www.cusat.ac.in) Common Administration Test എന്ന പരീക്ഷ അടിസ്ഥാനമാക്കിയാണ് ബി.ടെക് പ്രവേശനം നടത്തുന്നത്.
കോഴിക്കോടുളള പ്രശസ്‌ത എന്‍ജിനീയറിംഗ് കോളേജായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ. നടത്തുന്ന അഖിലേന്ത്യാ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത് (AIEEE). എന്‍്.ഐ.ടി. കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്‌തമായ 40 ഓളം എന്‍ജിനീയറിംഗ് കോളേജിലെ പ്രവേശനത്തിന് AIEEE എന്‍ട്രന്‍സ് പരീക്ഷ ഉപകരിക്കും. അമൃത വിദ്യാപീഠത്തിന്റെ കീഴിലുളള 3 എന്‍ജിനീയറിംഗ് കോളേജിലേക്കുളള പ്ലവേശനത്തിന് അമൃത എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് എന്‍ജിനീയറിംഗ് (AEEE) ആണ് എഴുതേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ എന്‍ജിനീയറിംഗ് സ്ഥാപനമായി പരിഗണിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദപഠത്തിനായി ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് ആണ് (IIT- JEE) എഴുതേണ്ടത്.
എന്‍ജിനീയറിംഗ് സിലബസ് കൊണ്ടു മാത്രം വിദ്യാര്‍ത്ഥികള്‍ തൊഴില്‍സജ്ജരാകുന്നില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും, ഉടനെ പാസായി ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമായി ഫിനിഷിംഗ് സ്‌കൂളുകളും മിക്ക സ്ഥ്‌പനങ്ങളും ഏര്‍പ്പെടുത്തിവരുന്നു. ആശയവിനിമയശേഷി, മെന്റല്‍ - ലോജിക്കല്‍ എബിലിറ്റി, ഇന്‍ഡസ്‌ട്രി അപ്‌ഡേറ്റ് എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഫിനിഷിംഗ് സ്‌കൂള്‍ ആശയം അതാത് കോളേജുകള്‍ സ്വന്തം നിലയിലാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സര്‍വകലാശാല പരീക്ഷ സംവിധാനവുമായി ഇതിന് ബന്ധമൊന്നുമില്ലങ്കിലും കംമ്പ്യൂട്ടര്‍/ ഐ.ടി. തൊഴിലുമായി ഇതിന് സവിശേഷ ബന്ധമുണ്ട്.
B.Sc കംമ്പ്യൂട്ടര്‍ സയന്‍സ് /B.Sc (IT), BCA
മൂന്ന് വര്‍ഷമാണ് ഇത്തരം കോഴ്‌സിന്റെ പഠനകാലാവധി. എന്‍ജിനിയറിംഗ് ബിരുദത്തിന് എന്‍ട്രന്‍സ് കടമ്പ കടക്കേണ്ടതുണ്ടെങ്കില്‍ ഇവിടെ പ്ലസ്‌ടു മാര്‍ക്കാണ് സാധാരണയായി പ്രവേശനമാനദണ്‌ഡം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഭാഗമായോ അല്ലെങ്കില്‍ ഇത്തരം ന്യൂജനറേഷന്‍ കോഴ്‌സിന് വേണ്ടിയുളള പ്രത്യേക കോളേജിലോ ആണ് ഈ പഠനപദ്ധതി ലഭ്യമായിട്ടുളളത്. എന്‍ജിനിയറിംഗ് ബിരുദപഠനത്തിന് ആദ്യവര്‍ഷത്തില്‍ ഏത് ശാഖയില്‍ പ്രവേശനം തേടിയാലും പൊതുവായ പത്തോളം പേപ്പറുകളാണ് പഠിക്കുവാന്‍ ഉണ്ടാവുക. എന്നാല്‍ സാധാരണ ബിരുദ (BA/BSc/Bcom) പഠനപദ്ധതിയില്‍ ഭാഷാ/സാഹിത്യ സംബന്ധമായ പൊതുവായ പേപ്പറുകളും ഉണ്ടാവും .എന്നാല്‍ B.Sc(CS)/B.Sc(IT)/BCA പഠനപദ്ധതിയില്‍ ഇവ രണ്ടും ഉണ്ടാകാറില്ല. അതായത് എന്‍ജീനിയറിംഗിന് അവസാന 3 വര്‍ഷം പഠിക്കുന്ന ചില പേപ്പറുകള്‍ അധ്വാനഭാരം കുറച്ചു നല്‍കുന്ന രീതിയിലാണ് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെയോ, ഓഫ് കാമ്പസ് സെന്ററിലൂടെയോ സൗകര്യമായി പഠിക്കാവുന്ന രീതിയിലാണ് മിക്ക സര്‍വ്വകലാശാലകളും ഈ കോഴ്‌സ് സംവിധാനം ചെയ്‌തിരിക്കുന്നത് എന്നത് എടുത്തു പറയത്തക്ക സവിശേഷതയാണ്. ആദ്യകാലത്ത് ഐ.ടി.കമ്പനികള്‍ ഇത്തരം കോഴ്‌സ് പഠിച്ചിറങ്ങുന്ന ബിരുദധാരികളെ ജോലിക്ക് എടുക്കാന്‍ വിമുഖത കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ വന്‍തോതില്‍ ബി.എസ്.സി. കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല എം.എസ്‌സി.(കമ്പ്യൂട്ടര്‍/ഐ.ടി.) അല്ലെങ്കില്‍ എം.സി.എ ബിരുദം കൂടി നേടി കൂടുതല്‍ വിജ്ഞാനം ആര്‍ജ്ജിച്ച് തൊഴില്‍ കമ്പോളത്തില്‍ നിന്നും മികച്ച ശമ്പളം പാക്കേജ് ലഭിക്കനുളള അവസരവും ഉണ്ട്. എന്‍ജീനിയറിംഗ് ബിരുദത്തിന് എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന നിലവാരം കോളേജുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നാല്‍ ബി.എസ്.സി. പഠനപദ്ധതിയ്‌ക്ക് പല സര്‍വസലാശാലകളും പലതരും മാനദണ്‌ഡങ്ങളാണ് സ്വീകരിക്കുന്നത്.
ബിരുദാനന്തര ബിരുദം
കംപ്യൂട്ടര്‍ ശാസ്‌ത്രരംഗത്ത് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ പഠന പദ്ധതികള്‍ നിലവിലുണ്ട് എം.സി.എ, എം.ടെക്, എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്), എം.എസ്‌സി (ഐ.ടി), എം.ബി.എ(ഐടി മാനേജ്‌മെന്റ്/സിസ്റ്റംസ്) എന്നിവ വിദ്യാര്‍ത്ഥികള്‍ വളരെ വ്യാപകമായി തിരഞ്ഞെടുക്കുന്ന പഠന പദ്ധതികളാണ്. എം.ഫില്‍, പി. എച്ച്.ഡി. എന്നീ ഗവേഷണ ബിരുദങ്ങള്‍ സര്‍വകലാശാല പഠന വകുപ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിലുമായി ലഭ്യമാണ്.
മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -എം.സി.എ-
മൂന്ന് വര്‍ഷ ദൈര്‍ഘ്യമുള്ള എം.സി.എ പഠനപദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. എന്‍ജിനീയറിംഗ് ബിരുദധാരികളും കംപ്യൂട്ടര്‍ രംഗത്ത് കൂടുതല്‍ അറിവുനേടാനായി എം.സി.എയ്‌ക്ക് ചേരാറുണ്ട്. ഈ കോഴ്‌സ് ആരംഭിച്ച സമയത്ത് പൊതുപ്രവേശന പരീക്ഷ എന്ന സംവിധാനം വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മിക്ക സ്ഥാപനങ്ങളും പൊതുപ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നത്. ആപ്ലിക്കേഷന്‍ സോഫ്‌ട് വെയര്‍ രൂപകല്‌പന ചെയ്യാനും വികസിപ്പിക്കാനും സഹായമായ രീതിയിലാണ് പാഠ്യപദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. മിക്ക വ്യവസായ സ്ഥാപനങ്ങളും എം. സി. എ. ബിരുദധാരികളെ എന്‍ജിനീയറിംഗ് ബിരുദത്തിന് തുല്യമായാണ് കണക്കാക്കുന്നത്. സോഫ്‌ട് വെയര്‍ കമ്പനികള്‍ പ്രദാനം ചെയ്യുന്ന വന്‍ തൊഴിലവസരം എന്‍ജിനീയറിംഗ് ബിരുദധാരികള്‍ എന്നപോലെ എം. സി. എ. ക്കാരും പ്രയോജനപ്പെടുത്തുന്നുണ്ട്.
മിക്ക എന്‍ജിനീയറിംഗ് കോളേജിലും അപ്ലെഡ് സയന്‍സ് കോളേജുകളിലും എം.സി.എ പ്രോഗ്രാം ലഭ്യമാണ്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ നടത്തുന്ന കോഴ്‌സായതുകൊണ്ട് തന്നെ മികച്ച ഗുണമേന്മയും ഈ പ്രോഗ്രാമിന് അവകാശപ്പെടാനാകുന്നുണ്ട്. എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാന്‍ കഴിയാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫുള്‍ ടൈം കംപ്യൂട്ടര്‍ പഠന പദ്ധതി എം.സി.എ തന്നെയാണ്.എം.സി.എ
എന്‍ട്രന്‍സ് പരീക്ഷകള്‍ : കേരളത്തിലെ കോളേജുകളിലെ എം.സി.എ ബിരുദ പ്രവേശനത്തിനായി പ്രവേശനപരീക്ഷ നടത്താന്‍ സംസ്ഥാനത്തെ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യതയും ഫീസുമൊക്കെ സര്‍വ്വകലാശാലകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. ഒരോ വര്‍ഷത്തേയും പരീക്ഷ സമയത്ത് എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ് സൈറ്റില്‍ ഇത് സംബദ്ധിച്ച വിശദമായ അറിയിപ്പുണ്ടാകും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള പരീക്ഷയാണ് എം.സി.എ എന്‍ട്രന്‍സിന് അവലംബിക്കുന്നത്.
കല്‍പിത സര്‍വകലാശാല പദവിയുള്ള കോഴിക്കോട്ടെ രാജ്യാന്തര പ്രശസ്‌ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (മുന്‍പ് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് എന്നായിരുന്നു പേര്) യിലെ എം.സി.എ. പ്രവേശനത്തിന് NIT-NIMCET എന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ നേടുന്ന സ്‌കോര്‍ ആണ് പരിഗണിക്കുക. ഈ എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോര്‍ ഉപയോഗിച്ച് രാജ്യത്തെ മറ്റു എന്‍.ഐ.ടി കളിലും പ്രവേശനം തേടാനാവുന്നതാണ്. മികച്ച അക്കാദമിക് സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന എന്‍.ഐ.ടി യില്‍ ഗവേഷണത്തിനും പ്രൊഫഷണല്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. രാജ്യത്തിന് പുറത്തെയും രാജ്യത്തിനുള്ളിലേയും ഒന്നാകിട സ്ഥാപനങ്ങള്‍ കാംപസ് റിക്രൂട്ട്‌മെന്റ് വഴി എന്‍.ഐ.ടി വിദ്യാര്‍ത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുന്നുണ്ട്. താരതമ്യേന ഉയര്‍ന്ന വേതന പാക്കേജും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
എം. ടെക്
നാലുസെമസ്റ്ററുകളിലായി രൂപപ്പെടുത്തിയിരിക്കുന്ന ദ്വിവല്‍സര പ്രോഗ്രാമാണ് എന്‍ജിനീയറിംഗിലെ ഈ ബിരുദാനന്തര ബിരുദം. എന്‍ജിനീയറിംഗ് ബിരുദാരികള്‍ക്ക് പ്രവേശനം തേടാവുന്നതാണ്. ചില സ്ഥാപനങ്ങള്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്കും എം.ടെക് പ്രവേശനം അനുവദിക്കുന്നുണ്ട്. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ബിരുദാനന്തര ബിരുദപ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്താറുളള 'ഗേറ്റ്' (GATE-Graduate Aptitude Test in Engineering) കടമ്പ കടന്നാല്‍ പഠനകാലയളവില്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും. ഗേറ്റ് സ്‌കോര്‍ നേടിയവരുടെ അഭാവത്തില്‍ മാത്രമേ മറ്റുളളവരെ എം.ടെക് പ്രവേശത്തിന് പരിഗണിക്കുകയുളളു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഡിസൈന്‍, ഡവലപ്‌മെന്റ് തുടങ്ങിയവയ്‌ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഗവേഷണ സ്വഭവമുളള രീതിയിലാണ് സിലബസ് രൂപപ്പെടുത്തിയിട്ടുളളത്. ഐ,ഐ.ടി, എന്‍.ഐ.ടി, സര്‍വകലാശാല പഠനവകുപ്പുകള്‍, തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളിലാണ് കംമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി എം.ടെക് പ്രോഗ്രാമുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. മിക്ക സ്ഥാപനങ്ങളുടെയും ഗവേഷണ വികസന വിഭാഗത്തില്‍ ശാസ്‌ത്രജ്ഞന്‍മാരുടെയോ അല്ലെങ്കില്‍ ടെക്‌നോളജിസ്റ്റുകളോ ആയാണ് എം.ടെക് ബിരുദധാരികള്‍ പ്രവര്‍ത്തിക്കുക അധ്യാപനത്തില്‍ അഭിരുചിയുളളവര്‍ക്ക് എന്‍ജിനീയറിംഗ് കോളേജുകളിലും അനുബന്ധസ്ഥാപനങ്ങളിലും അധ്യാപകരായി പ്രവര്‍ത്തിക്കാം. വളരെ കുറച്ച് കോളേജുകളില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് എം.ടെക്കിനുളളത്.
എം.എസ്‌സി(കംമ്പ്യൂട്ടര്‍ സയന്‍സ്)/എം. എസ്‌സി (ഐ.ടി)
കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടി യിലോ ബിരുദം അല്ലെങ്കില്‍ ബി.സി.എ. എന്നാണ് ഈ പഠനപദ്ധതിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി മിക്ക സ്ഥാപനങ്ങളും പരിഗണിക്കക. കൂടുതല്‍ ആഴത്തിലുളള കമ്പ്യൂട്ടര്‍ ശാസ്‌ത്രമാണ് 2 വര്‍ഷം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ അടിസ്ഥാനം. 2 വര്‍ഷം മാത്രം മതി ബിരുദാനന്തരബിരുദം നേടാന്‍ എന്നത് പ്രത്യക്ഷത്തില്‍ നേട്ടമായി, തോന്നാമെങ്കിലും എം.സി.എക്കാര്‍ക്ക് ലഭിക്കുന്നത്ര തൊഴില്‍ അവസരവും വേതന പാക്കേജും ഇവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. അപ്ലെഡ് സയന്‍സ് കോളേജുകളിലും മറ്റും അധ്യാപകരാകുന്നതിന് ഇത് യോഗ്യതയാണ്. മാത്രവുമല്ല 1 വര്‍ഷം നീളുന്ന എം. ഫില്‍ ബിരുദത്തിന് ചേര്‍ന്ന് ഗവേഷണാഭിരുചി വര്‍ദ്ധിപ്പിക്കുകയും ആകാം. ചില സര്‍വകലാശാലകള്‍ എം.എസ്‌സി. പ്രോഗ്രാം വിദൂരപഠന പദ്ധതി വഴി ലഭ്യമാക്കുന്നതിനാല്‍ കോളേജുകളില്‍ പോയി റഗുലര്‍പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്കും ജോലിയുളളഴര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പഠനം നടത്തി ബിരുദാനന്തരബിരുദം നേടി നിലവിലുളള ജോലിയില്‍ സ്ഥാന കയറ്റം നേടുകയോ കൂടുതല്‍ മികവുളള മറ്റ് കമ്പ്യൂട്ടര്‍/ ഐ.ടി. അനിബന്ധജോലികള്‍ നേടുകയും ആകാം.
എം.ഫില്‍, പിഎച്.ഡി
കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തില്‍ ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്ത് വളരെ ആഴത്തില്‍ പഠനം നടത്തുന്ന രീതിയാണ് ഗവേഷണബിരുദത്തിന് അവലംബിക്കുന്നത്. ഡോക്‌ടറല്‍ ബിരുദത്തിന് മുന്‍പുളള ഒരു വര്‍ഷത്തെ ഗവേഷണപ്രോഗ്രാമായും മാസ്റ്റര്‍ ഓഫ് ഫിലോസഫി പ്രോഗ്രാമിനെ പരിഗണിക്കുന്നുണ്ട്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിപുലമായ സാധ്യതകളിലൊന്നോ, ബയോഇന്‍ഫര്‍മാറ്റിക്‌സ് പോലുളള ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമോ എം.ഫില്ലിന് വിഷയമായി തെരഞ്ഞെടുക്കാം. എം.ഫില്‍ ബിരുദധാരികള്‍ക്ക് ഡോക്‌ടറേറ്റ് നേടുന്നതിനുളള പഠന ഗവേഷണ കാലയളവില്‍ ഒരു വര്‍ഷത്തെ ഇളവും അനുവദിക്കാറുണ്ട്.കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നേടുന്നതിന് അനുബന്ധ വിഷയത്തിലൊന്നില്‍ ബിരുദാനന്തരബിരുദവും ഗവേഷണാഭിരുചിയും നിര്‍ബന്ധമാണ്.
ഫുള്‍ ടൈമായും പാര്‍ട് ടൈമായും ഗവേഷണം നടത്താം. സാധാരണയായി അധ്യാപകര്‍ക്കും ശാസ്‌ത്രശാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സയന്‍ന്റിസ്റ്റുകള്‍ക്കുമാണും പാര്‍ട്ട് ടൈം പിഎച്ച്.ഡി. ക്ക് ചേരാനാകുന്നത്. പാര്‍ട്ട് ടൈം പ്രോഗ്രാമിന്റെ കാലയളവ് കൂടുതലായിരിക്കും. കമ്പ്യൂട്ടര്‍ ശാസ്‌ത്രരംഗത്തെ നിസ്‌തുലമായ സംഭാവനകള്‍ക്കും മാറ്റങ്ങള്‍ക്കും മികച്ച ഗവേഷണപ്രബന്ധങ്ങള്‍ക്ക് സാധിക്കുമെന്നത് കാലം തെളിയിച്ച സത്യമാണ്. കൂടുതല്‍ ഗവേഷണബിരുദധാരികള്‍ സര്‍വകലാശാലകളിലും പരീക്ഷണശാലകളിലും ജോലിയെടുക്കേണ്ടത് മുന്നോട്ട് കുതിക്കുന്ന ഒരു സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് അത്യാവശ്യമാണ്.
പോളിടെക്‌നിക് ഡിപ്ലോമാ കോഴ്‌സുകള്‍
പത്താം ക്ലാസ് മികച്ചനിലയില്‍ പൂര്‍ത്തയാക്കിയവര്‍ക്ക് 3 വര്‍ഷം ദൈര്‍ഘ്യമുളള എന്‍ജീനിയറിംഗ് ഡിപ്ലോമയ്‌ക്ക് ചേരാവുന്നതാണ്. ഓരോ ജില്ലയിലും, സാങ്കേതിക വിദ്യാഭ്യാസവകുപ്പാണ് കോഴ്‌സ് നടത്തുന്നത്. എല്ലാ ഡിപ്ലോമാസ്ഥാപനങ്ങള്‍ക്കും എന്‍ജീനിയറിംഗ് കോളേജിനെന്നപോലെ എ.ഐ.സി.ടി.ഇ നിര്‍ദ്ദേശിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്, അതുകൊണ്ട് മികച്ച നിലവാരം പുലര്‍ത്താന്‍ ഡിപ്ലോമാക്കാര്‍ക്ക് ആകുന്നുണ്ട്. മള്‍ട്ടിപോയിറ്റ് എന്‍ട്രി ആന്റ് ക്രെഡിറ്റ് സിസ്റ്റം അടിസ്ഥാനമാക്കി കോഴ്‌സ് നടത്തുന്ന ഗവണ്‍മെന്റ് പോളി നെയ്യാറ്റിന്‍കര റസിഡന്‍ഷ്യല്‍ വിമന്‍സ് പോളി കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പ്ലസ്‌ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ. വിജയിച്ചവര്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് ഡിപ്ലോമ നേടാവുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് (CHM), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെന്റ് എന്നിവയാണ് പോളിടെക്‌നിക് കോളേജുകളില്‍ ലഭ്യാമായ കംമ്പ്യൂട്ടര്‍ അനുബന്ധ പ്രോഗ്രാമുകള്‍. പത്താം ക്ലാസ് കഴിഞ്ഞ് 3 വര്‍ഷത്തെ പോളിപഠനം കൂടി കഴിഞ്ഞ് 18 വയസ് ആകുമ്പോള്‍ വിദ്യാര്‍ത്ഥി തൊഴില്‍സജ്ജനാകും എന്നത് ഡിപ്ലോമായുടെ മേന്മയാണ്. സബ് എന്‍ജിനിയര്‍ / ഓവര്‍സിയര്‍ തസ്‌തികകളിലാകും നിയമനം. ഇതോടൊപ്പം ജോലിനേടിയ ശേഷം പാര്‍ട്ട് ടൈം ബി.ടെക്കിന് പ്രവേശനം നേടി എന്‍ജിനിയറിംഗ് ബിരുദവും നേടാം. സായാഹ്ന കോഴ്‌സായാണ് തിരഞ്ഞെടുത്ത എന്‍ജിനിയറിംഗ് കോളേജുകളില്‍ പാര്‍ട് ടൈം ബി.ടെക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കില്‍ എ ല്‍്.ബി.എസ്. നടത്തുന്ന പാര്‍ശ്വ പ്രവേശന പരീക്ഷ (LET) എഴുതി എന്‍ജിനിയറിംഗ് ഫുള്‍ടൈം പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം.
എന്‍ജിനയറിംഗ് ബിരുദവുമായി താരതമ്യപ്പെടുത്തിയാല്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് ഡിപ്ലോമാ പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് കാണാം. കമ്പ്യൂട്ടര്‍ ഹാര്‍ട്ട് വെയര്‍ മെയിന്റനന്‍സ് എന്ന പ്രോഗ്രാംഡിപ്ലോമാ തലത്തില്‍ മാത്രമേയുളളു എന്ന കാര്യം ശ്രദ്ധിക്കുക. കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണവും അറ്റകുറ്റപണിക്കും ഊന്നല്‍ നല്‍കിയാണ് ഇത് രൂപകല്‌പനചെയ്‌തിരിക്കുന്നത്. ഡിപ്ലോമ നല്‍കുന്നത് സര്‍വ്വകലാശാലകള്‍ അല്ലാത്തതിലാകണം ഈ മേഖലയില്‍ കളളനാണയങ്ങളുടെ പെരുക്കമാണ്. മിക്ക ചെടുകിട സ്വകാര്യ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സ്ഥാപനങ്ങള്‍ പോലും ഡിപ്ലോമാ ഇന്‍ കംമ്പ്യൂട്ടര്‍, ഡിപ്ലോമാ ഇന്‍ സോഫ്‌ട് വെയര്‍ എന്‍ജിനിയറിംഗ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ തന്നെ നല്‍കുന്നതാണ്. കമ്പ്യൂട്ടര്‍ പഠിക്കാം എന്നല്ലാതെ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലിന് ഇതുകൊണ്ട് ഉപകരിക്കില്ല എന്ന് ഓര്‍ക്കുക. ചില സര്‍വ്വകലാശാലകള്‍ പ്ലസ്‌ടു യോഗ്യതയില്ലാത്ത ഡിപ്ലോമാക്കാര്‍ക്ക് ബി.എസ്.സി. കംമ്പ്യൂട്ടര്‍ സയന്‍സിന് പ്രവേശനം നല്‍കുന്നുണ്ട്. എന്‍ജിനിയറിംഗ് കോളേജിന് എന്ന പോലെ മികച്ച പോളിടെക്‌നിക്കുകളില്‍ ഇപ്പോള്‍ കാംപസ് പ്ലേയ്‌സ്‌മെന്റ് നടന്നുവരുന്നുണ്ട്. മറ്റ് സമാന കംമ്പ്യൂട്ടര്‍ പഠനപദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിപ്ലോമാപഠനം കുറഞ്ഞ ചിലവില്‍ മികച്ച ടെക്‌നിഷ്യന്‍ ആകാന്‍ സാധിക്കുന്ന വിധത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഐ.ടി.ഐ, ഐ.ടി.സി എന്നിവടങ്ങളില്‍ ലഭ്യമായ COPA (Computer Operator and Programming Assistant) എന്ന ഏകവര്‍ഷ കോഴ്‌സ്, കംപ്യൂട്ടര്‍ രംഗത്തെ ഡാറ്റാ എന്‍ട്രി പോലെയുള്ള ജോലിക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതുവഴി കരഗതമാകുന്നത്. തിരഞ്ഞെടുത്ത വനിതാ ഐ.ടി.ഐ കളില്‍ ലഭ്യമായ മറ്റൊരു കമ്പ്യൂട്ടര്‍ കോഴ്‌സാണ് 'ഡി.ടി.പി ഓപ്പറേറ്റര്‍'
പി.ജി.ഡി.സി.എ
പരമ്പരാഗത ബിരുദദാരികളെ കമ്പ്യൂട്ടര്‍ ഐ.ടി. ജോടികള്‍ക്ക് പ്രാപ്‌തരാക്കുന്ന തരത്തില്‍ ഒരുക്കിയിട്ടുളള ഏകവര്‍ഷകോഴ്‌സാണിത്. സര്‍വ്വകലാശാലകളും സര്‍വ്വകലാശാല പദവി ഇല്ലാത്ത സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുമാണ് ബിരുദാനന്തര ഡിപ്ലോമ നല്‍കുന്നത്. മിക്ക അഫിലിയേറ്റഡ് കോളേജുകളിലും തുടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ (contuning education cell) ഭാഗമായി പി.ജി.ഡി.സി.എ നടത്താറുണ്ട്. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലാണ് പ്രവേശനം നേടുന്നതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ നടത്തുന്ന പരീക്ഷയ്‌ക്ക് ഹാജരായി ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റാണോ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുക. പി.ജി.ഡി.സി.എ വിജയിച്ചവര്‍ക്ക് ചില സര്‍വ്വകാലാശാലകളിലെ എം.സി.എ പ്രോഗ്രാമിന് ഒരു വര്‍ഷം ഇളവും അനുവദിക്കുന്നത് എടുത്തുപറയത്തക്കനേട്ടമാണ്.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍, ബാങ്കിംഗ് രംഗത്തെ കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയട്ടുളള തൊഴില്‍ നേടാന്‍ പി.ജി.ഡി.സി.എ ഉപകരിക്കും, കമ്പ്യൂട്ടര്‍ അതിലുപയോഗിക്കുന്ന സോഫ്‌ട് വെയര്‍ പാക്കേജുകള്‍, ചില പ്രോഗ്രാമിംഗ് ഭാഷകള്‍ എന്നിവ പരിചയപ്പെടുത്തുന്ന രീതിയിലാണ് ഈ ഏക വര്‍ഷകോഴ്‌സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എല്ലാം താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞകോഴ്‌സ് കാലയളവും ബിരുദധാരിയ്‌ക്ക് ചേരാമെന്നതും പി.ജി.ഡി.സി.എ. പ്രോഗ്രാമിനെ ജനകീയമാക്കുന്നു. റഗുലര്‍ ബിരുദപഠനം കഴിഞ്ഞവരാണ് കൂടുതലായി ഈ പഠനപദ്ധതി പ്രയോജനപ്പെടുത്തുന്നത്.
അനുബന്ധ പഠന പദ്ധതികള്‍
ഓട്ടോകാഡ്: കംപ്യൂട്ടറിന്റെ കാര്യക്ഷമമായ ഉപയോഗം തൊഴിലിന്റെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധിച്ചുവെന്ന് എടുത്തി പറയേണ്ടതില്ലല്ലോ? കെട്ടിടത്തിന്റെയും മറ്റും പ്ലാന്‍ തയാറാക്കുന്ന സിവില്‍ എന്‍ജിനീയര്‍ക്ക് ഓട്ടോകാഡ് പഠനം തന്റെ തൊഴിലിന്റെ ഗുണപരമായ മികവിന് ഉപകരിക്കും. ഒപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഉപയോക്താവിന് കൂടുതല്‍ വിശദാംശങ്ങള്‍ ലളിതമായി രേഖപ്പെടുത്തിയ ഷീറ്റ് അഥവാ കംപ്യൂട്ടര്‍ സ്‌ക്രീന്‍ സഹായത്തോടെ പ്രോജക്‌റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കുവാനും സാധിക്കും. കേവലം മൂന്ന് മാസത്തേയോ ആറുമാസത്തേയോ ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് വഴി തൊഴില്‍ പരമായി മികവ് നേടാന്‍ ഓട്ടോകാഡ് പഠനം സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപകരിക്കും. ഇതോടൊപ്പം ആര്‍കിടെക്‌ടുകള്‍ക്ക് അനായാസം ഉപയോഗിക്കാവുന്ന പാക്കേജുകളും ഷോര്‍ട്ട് ടേം കോഴ്‌സായി പഠിച്ച് കൂടുതല്‍ മികച്ച വരുമാനം നേടാം. പ്രോജക്‌ട് മാനേജ്‌മെന്റിനുപയോഗിക്കുന്ന എം.എസ് പ്രോജക്‌ട്/ പ്രൈമാവെറ തുടങ്ങിയ പാക്കേജുകള്‍ പരിചയപ്പെടുന്നതും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഉപകരിക്കും. കൂടുതലായാലും ഗള്‍ഫ് രാജ്യങ്ങളിലേയും വന്‍കിട കമ്പനികളുടെ പ്രോജക്‌ടുകളിലേക്കും തൊഴില്‍ തേടുന്നവര്‍ ഇത്തരം കോഴ്‌സുകളെ ആശ്രയിച്ച് വിജയം നേടുന്നു.
കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ്: കണക്കെഴുത്തില്‍ കംപ്യൂട്ടറിനെ സഹായിയായി കൂടെ കൂട്ടാം. ഇന്ന് ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ വരെ അക്കൗണ്ടുകള്‍ കംപ്യൂട്ടര്‍ സഹായത്തോടെ സൂക്ഷിക്കുന്നു. മൂല്യ വര്‍ദ്ധന നികുതി (VAT) യുടെ വ്യാപനത്തോടെ കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടറ്റുമാരുടെ ആവശ്യവും വര്‍ദ്ധിച്ചിട്ടുണ്ട്. ടാലി ഇത്തരത്തില്‍ ലഭ്യമായ മികച്ച കോഴ്‌സാണ്. ടാലി സര്‍ട്ടിഫൈഡ് കോഴ്‌സ് നടത്തുന്ന അനവധി സ്ഥാപനങ്ങള്‍ കേരളത്തിലെ ചെറുപട്ടണങ്ങളില്‍ വരെ എത്തിക്കഴിഞ്ഞു. ബി.കോം യോഗ്യതയുള്ളവര്‍ക്ക് ചേരാനാകുന്ന മികച്ച കോഴ്‌സാണ് കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ്. ടാലിക്കോപ്പം, മൈക്രോ സോഫ്‌റ്റ് ഓഫീസിലെ വേഡ്, എക്‌സല്‍ തുടങ്ങിയവയുമായുള്ള പരിചയപ്പെടലും പെട്ടെന്ന് തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും.
എം. ബി. എ (ഐ.ടി മാനേജ്‌മെന്റ്/സിസ്റ്റംസ്)
ഐ.ടി സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനോ അല്ലെങ്കില്‍ സാധാരണ സ്ഥാപനങ്ങളുടെ ഐ.ടി വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനോ സഹായകരമായ രീതിയിലാണ് എം.ബി.എ യിലെ സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാമായി ഇത് രൂപകല്‌പന നടത്തിയിട്ടുള്ളത്. ഭൂമിയുടെ പല ഭാഗങ്ങളിലിരുന്ന് ഒരേസമയത്ത് ക്രയവിക്രയങ്ങള്‍ നടത്തുന്നത് ഇന്ന് ഒരു പുതുമയല്ല. ഇ-കൊമേഴ്‌സിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപകമായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് ഇത്തരം എം.ബി.എ പ്രോഗ്രാമുകള്‍ തൊഴിലിനും ഒപ്പം സമ്പദ് വ്യവസ്ഥക്കും ഊര്‍ജം പകരും. മാത്രമല്ല ഒരു തൊഴില്‍ നേടലിനുപരിയായി ഒരു സ്ഥാപനം സ്വന്തമായി തുടങ്ങുന്ന രീതിയില്‍ സംരഭകത്വ ബോധം വികസിപ്പിച്ച് മുന്നേറാനും ഇത്തരം പ്രോഗ്രാമുകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. സിസ്റ്റംസ് അനാലിസിസ് ആന്റ് ഡിസൈന്‍, എന്റര്‍പ്രെസസ് റിസോഴ്‌സ് പാക്കേജ്, സോഫ്‌ട് വെയര്‍ മാനേജ്‌മെന്റ്, നോളജ് മാനേജ്‌മെന്റ് എന്നിവ പഠനപദ്ധതിയിലെ പ്രധാനപ്പെട്ട കോഴ്‌സുകളാണ്. ബി.ടെക്, എം.സി.എ എന്നീ ബിരുദധാരികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് എം.ബി.എ യുടെ കാംപസ് റിക്രൂട്ട്‌മെന്റ്. ഉല്‌പന്ന സേവന വികസനത്തിനും രൂപകല്‌പനയിലുമല്ല മറിച്ച് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള നടത്തിപ്പ്, വില്‌പന, ഏകോപനം എന്നിവയാണ് തൊഴില്‍പരമായി എം.ബി.എ ബിരുദധാരികളുടെ ശ്രദ്ധ പതിയുന്നത്.
ബയോ ഇന്‍ഫര്‍മാറ്റിക്‌സ്: വിവരസാങ്കേതിക വിദ്യയുടെയും ബയോസയന്‍സിന്റെയും സമ്മിശ്രമായ പ്രയോഗമാണ് ഈ പഠന ശാഖയുടെ കാതല്‍. ജനിതക എന്‍ജിനീയറിംഗ്, ഔഷധനിര്‍മ്മാണം, എന്നിവയ്‌ക്കാണ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് നവചൈതന്യം പകരുന്നത്. ഈയടുത്ത കാലത്തായി ഉരുത്തിരിഞ്ഞു വന്ന ഈ സവിശേഷ പ്രോഗ്രാമിന് ലക്ഷക്കണക്കിന് തൊഴിലവസരമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. എം.എസ്‌സി., എം.ഫില്‍, എം.ടെക്. എന്നീ പ്രോഗ്രാമുകളില്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനം ഒരുക്കിയിരിക്കുന്നു. കേരളാ സര്‍വ്വകലാശാലയിലെ ഡോ: അച്ചുത് ശങ്കര്‍ എസ്. നായര്‍ നേതൃത്വം നല്‍കുന്ന സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് (www.cbi.keralauniversity.edu) എം.ഫില്‍, ഡോക്‌ടറേറ്റ് പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്. ഇവിടെനിന്ന് പുറത്തിറഞ്ഞിയ എം. ഫില്‍ ബിരുദധാരികള്‍ തുടങ്ങിയ സൂര്യകിരണ്‍ എന്ന സ്ഥാപനം ഇന്ന് കേരളത്തിലെ മികച്ച ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ഗവേഷണ കേന്ദ്രമായി മാറിയിട്ടുണ്ട് എന്നതുതന്നെ മികച്ച ഉദാഹരണം. അഹമ്മദാബാദിലെ ഐ.ഐ.ഐ.ടി (http://bi.iiita.ac.in) ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.ടെക്. പ്രോഗ്രാം നടത്തുന്നുണ്ട്. കംപ്യൂട്ടര്‍ അഭിരുചിയുള്ള ബയോളജി ബിരുദാനന്തര ബിരുദധാരികള്‍ക്ക് തിളക്കമാര്‍ന്ന അവസരമാണ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ഒരുക്കുന്നത്.
സൈബര്‍ലോ :
ജീവശാസ്‌ത്രവും വിവരസാങ്കേതിക വിദ്യയുമായുള്ള സവിശേഷ ബന്ധമാണ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എന്ന പുതിയ പഠനശാഖയ്‌ക്ക് വിത്തു പാകിയതെങ്കില്‍ ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം മൂലം മാറേണ്ടി വരുന്ന നിയമത്തിന്റെ സാധ്യതകളിലൊന്നാണ് സൈബര്‍ലോ. അച്ചടിച്ച കടലാസിന് കംപ്യൂട്ടര്‍ സ്‌ക്രീന്‍ പകരം വെയ്‌ക്കാമെന്ന നില വന്നതോടെ നിലവിലുള്ള നിയമങ്ങളും പലവിധത്തിലുള്ള മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അഹമ്മദാബാദ് ഐ.ഐ.ഐ.ടി സൈബര്‍ലോ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നുണ്ട്. സൈബര്‍ നിയമം കൈകാര്യം ചെയ്യുന്ന രീതിയില്‍ അഭിഭാഷകരെ പ്രാപ്‌തരാക്കാനായി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളും ചില സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.
ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ലോ ഇത്തരത്തിലെ മികച്ച സൗകര്യം ഒരുക്കുന്നു. നിയമ ബിരുദമുള്ളവര്‍ക്ക് നേരിട്ട് കോടതിയില്‍ പ്രാക്‌ടീസ് നടത്താനും അല്ലാത്തവര്‍ക്ക് അഭിഭാഷകരെയോ സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനങ്ങളെ സൈബര്‍ നിയമത്തില്‍ ഉപദേശിക്കാനും സഹായിക്കാനും ഈ കോഴ്‌സ് സൗകര്യമൊരുക്കുന്നു. ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂളും സൈബര്‍ നിയമ പഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്.
സൈബര്‍ ജേണലിസം :
ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ മാധ്യമരംഗം ഒരു വന്‍ മാറ്റത്തിന് തന്നെ വിധേയമായികൊണ്ടിരിക്കുന്നു. അച്ചടി മാധ്യമത്തിന്റെയും ടെലിവിഷന്‍ മാധ്യമത്തിന്റെയും സമ്മിശ്രരൂപമാണ് ന്യൂസ് പോര്‍ട്ടലുകള്‍ ഇന്ന് ലഭ്യമാകുന്നത്. മാത്രമല്ല ഇരുഭാഗത്തുനിന്നും സവേദനം നടത്താമെന്നതും ഇന്റര്‍നെറ്റ് മാധ്യമത്തിന്റെ പ്രത്യേകതയാണ്. ഇന്റര്‍നെറ്റ് മാധ്യമരംഗത്തെ ചലനങ്ങള്‍ അടുത്തറിയാനും അതിനനുരിച്ച് തൊഴില്‍ പരമായി സജ്ജരാകാനും സൈബര്‍ ജേണലിസം അവസരമൊരുക്കും. ടെലിവിഷന്‍,അച്ചടി മാധ്യമങ്ങളെ ഇന്റര്‍നെറ്റ് എന്ന നവമാധ്യമം എങ്ങനെ ബാധിക്കുമെന്ന് ബീയിംഗ് ഡിജിറ്റല്‍ എന്ന ഗ്രന്ഥത്തിലൂടെ നിക്കോളാസ് നെഗ്രോ പോണ്ടി ഒരു വ്യാഴവട്ട കാലം മുന്‍പ് തന്നെ ചൂണ്ടി കാണിച്ചിരുന്നു. ഇന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും സുസജ്ജമായ വെബ് പോര്‍ട്ടലും അനുബന്ധസൗകര്യങ്ങളും ഉണ്ട്. ആറുമാസം നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലൂടെ ജോര്‍ണലിസത്തില്‍ അഭിരുചിയുള്ളവര്‍ക്ക് സൈബര്‍ ജേര്‍ണലിസത്തില്‍ ജോലികണ്ടെത്താം. കേരളാ സര്‍വ്വകലാശാല ഒരുവര്‍ഷം നീളുന്ന പി.ജി. ഡിപ്ലോമ ഇന്‍ കണ്‍വര്‍ജന്‍സ് മീഡിയ എന്ന കോഴ്‌സ് നല്‍കുന്നുണ്ട്.
ആനിമേഷന്‍ കോഴ്‌സുകള്‍ :2D, 3D ചിത്രങ്ങള്‍ ഉണ്ടാക്കാനായി ആനിമേഷന്‍ സൗകര്യം ഉപയോഗിക്കുന്നു. സര്‍ഗപരമായ വാസനയുള്ളവര്‍ക്ക് ആനിമേഷന് ഉപയോഗിക്കുന്ന സോഫ്‌ട് വെയറുമായി പരിചയപ്പടുന്നതിലൂടെ അനവധി തൊഴിലവസരങ്ങളാണ് ലഭിക്കുക. മള്‍ട്ടിമീഡിയ/ആനിമേഷന്‍ പഠനത്തിന് സ്വകാര്യ കംപ്യൂട്ടര്‍ പഠന സ്ഥാപനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതല്‍ പേരും സ്വീകരിച്ചുവരുന്നത്. കംപ്യൂട്ടര്‍ ഗെയിം, ഇന്റര്‍നെറ്റ് വെബ് സൈറ്റുകള്‍, വിദ്യാഭ്യാസത്തിനുള്ള പഠന സി.ഡികള്‍, പരിശീലനത്തിനും ബിസിനസ് പ്രസന്റേഷനുകള്‍ക്കും ഉള്ള വിഭവ സി.ഡി എന്നിവ നിര്‍മ്മിക്കുന്നതിനും ആനിമേഷന്‍ വിദഗ്‌ധരെ ഉപയോഗപ്പെടുത്തുന്നു. ഇതിലൊക്കെ ഉപരിയായി വിനോദ വ്യവസായവുമായി ബന്ധപ്പെട്ട് സിനിമ, ടെലിവിഷന്‍ എന്നിവയില്‍ ഒട്ടനവധി അവസരങ്ങളാണ് ആനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത്. വിദേശത്തുനിന്നുവരുന്ന കാര്‍ട്ടൂണ്‍, സയന്‍സ് ഫിക്ഷന്‍ സിനിമകളിലെല്ലാം തന്നെ ആനിമേഷന്‍ ഒരുക്കുന്ന വിപുലവും അനന്തവുമായ സാധ്യതകള്‍ കാണാം. സര്‍ഗപരമായി ചിന്തിക്കാനുള്ള മിടുക്ക് തന്നെയാണ് സോഫ്‌ട് വെയര്‍ പാക്കേജ് ഉപയോഗിക്കുന്നതിനുപരിയായി ഉദ്യോഗാര്‍ത്ഥി സ്വായത്തമാക്കേണ്ടത് എന്നത് ഇത്തരം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക.

No comments:
Post a Comment