ഐ ടി @ 2010 [IT @ 2010]
പോയ വര്‍ഷം വിവര വിനിമയ സാങ്കേതികവിദ്യ ഒട്ടേറെ പ്രാവശ്യം വാര്‍ത്തകളില്‍ പലതരത്തിലും വിധത്തിലും സ്ഥാനം പിടിച്ചിരുന്നു. വിക്കിലീക്ക്സ് പോലെയുള്ള സമര്‍ത്ഥമായ ഇടപെടലുകള്‍ അമേരിക്ക അടക്കമുള്ള പ്രബലകേന്ദ്രങ്ങളുടെ നിഗൂഡമായ അധികാര ഇടനാഴികളിലേക്ക് വെബ്‌മാധ്യമത്തിന്റെ കരുത്തും അനിവാര്യമായ മാറ്റത്തിന്റെയും കാഹളം മുഴക്കുന്നതായിരുന്നു. സിറ്റിസണ്‍ ജേണലിസമെന്നോ അല്ലെങ്കില്‍ ജനജാഗ്രതയോ എന്ന് വിളിക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ വെബ് മാധ്യമത്തിന്റെ കരുത്തുകാട്ടിയിരുന്നു.ഇന്ന് സാങ്കേതികവിദ്യയെ പ്രത്യേകിച്ച് ഇന്റര്‍നെറ്റ് അധിഷ്ഠിതവിദ്യകളെ പേടിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ ഭരണ വൃന്ദം മാറിക്കഴിഞ്ഞു. അതേ സമയം തന്നെ വിവരവിനിമയ സങ്കേതികവിദ്യയുടെ തലം ലോകം കണ്ട എറ്റവും വലിയ അഴിമതിക്കും -സ്‌പെക്‍ട്രം ഇടപാട്- വഴിവെച്ചു. ഇന്‍ഫോ കൈരളിയുടെ വായനക്കാര്‍ക്കായി പോയ വര്‍ഷത്തെ ഐ ടി മേഖലയുമായി നേരിട്ട് ബന്ധമുള്ള സംഭവവികാസങ്ങള്‍ നാല് മേഖലകളായി അവതരിപ്പിക്കുന്നു. വാര്‍ത്താസംഭവങ്ങള്‍ , സാങ്കേതികവിദ്യ, വ്യക്തികള്‍ , പുസ്തകങ്ങള്‍ എന്നിങ്ങനെ ഓരോന്നിലും അഞ്ച് പ്രാധാന്യമേറിയ കാര്യങ്ങള്‍ .കൃത്യമായ വിശകലനത്തില്‍ ഇത് തുടങ്ങിയത് ചരിത്രത്തിന്റെ കണിശമായ കണ്ണില്‍ 2010 ല്‍ അല്ലാത്തവ ഉണ്ടാകും എന്നാല്‍ പോയ വര്‍ഷം നിര്‍ണായകമായ രീതിയില്‍ ഇവ ശക്‍തിപ്രാപിച്ചതിനാല്‍ ഉള്‍പ്പെടുത്തുന്നു. ഒരു പത്തു വര്‍ഷം മുന്നെ പോയവര്‍ഷ കണക്കെടുപ്പുകളില്‍ ഐ ടി യോ വിനിമയ സാങ്കേതികതയോ അത്ര കണ്ട് സാന്നിദ്ധ്യം ചെലുത്തിയിരുന്നില്ല എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. സാധാരണക്കാരെയാണ് വിവര സാങ്കേതികവിദ്യ ശാക്തീകരിക്കുന്നത് ഇ ഗവണന്‍സ് ജനങ്ങളെയും സര്‍ക്കാരിനേയും കമ്പ്യൂട്ടറിന്റെ സമ്പര്‍ക്കമുഖം വഴി എളുപ്പമാര്‍ഗത്തില്‍ വൈവിധ്യമായ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമ്പോള്‍ വിഡിയോ ചാറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും അനേകകോടി ജനങ്ങളെ പരസ്പരം സംവേദിക്കാനും ആശയരൂപീകരണം നടത്തുവാനും മുമ്പങ്ങുമില്ലാത്തവിധം അനുവദിക്കുന്നു, അതും തുശ്ചമായ പണച്ചിലവില്‍ . ബ്ലോഗും ഇന്റര്‍നെറ്റ് പത്രങ്ങളും പരമ്പരാഗത അച്ചടി പത്രമാസികകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. നാല് മേഖലകളിലായ് അഞ്ച് എണ്ണം വീതം അവതരിപ്പിക്കുന്നത് കേവലം ഒരു ചൂണ്ടുപലകയായി മാത്രമാണ്.ഇതിലുമേറെയുണ്ടാകാം
സാങ്കേതികവിദ്യ
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്ട്‌വെയര്‍ രംഗത്തെ ഒന്നായി എടുത്ത് വിശകലനം ചെയ്താല്‍ ഇവയൊക്കെയാകാം 2010 ലെ താരങ്ങള്‍
- ഐ പാഡ് - പൊതു പേരായി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്ന് പറയാം എങ്കിലും ആപ്പിളിന്റെ ഐ പാഡിനെ തന്നെ പേരില്‍ ചേര്‍ത്തു കാരണം, ഐ പാഡിന്റെ വരവാണ് മറ്റ് സ്ഥാപനങ്ങളെ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ലോകത്ത് ശ്രദ്ധയൂന്നാന്‍ അത്രമേല്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടിംഗിന്റെ ഒരു ഘട്ടത്തിന് വിരാമമിടും ഐ പാഡ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പേഴ്സണല്‍ കമ്പ്യൂട്ടിംഗിന്റെ ദിശതന്നെ മാറ്റുന്ന നിലയിലാണ് ഇന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പ്രചുര പ്രചാരം നേടുന്നത്. ടാബ്‌ലറ്റുകള്‍ കമ്പ്യൂട്ടറിനെയോ മൊബൈല്‍ ഫോണിനെയോ മാത്രം ലക്ഷ്യമിട്ട് ഒരു പുത്തന്‍ നിര ഉപകരണ സ്‌പെയ്സ് മാത്രമല്ല സൃഷ്ടിച്ചെടുക്കുന്നത്. മാധ്യമങ്ങളെ അടിമുടി തന്നെ മാറ്റാനോ അല്ലെങ്കില്‍ മാധ്യമങ്ങള്‍ ടാബ്‌ലറ്റ് (ഐ പാഡ്/ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ) പതിപ്പുകളിറക്കി തങ്ങളുടെ ഡാറ്റാബേസിനെ തന്നെ ടാബ്‌ലറ്റ് രീതിയിലേക്ക് മാറ്റാനോ ഉള്ള ഉത്രാടപാച്ചിലിലാണ് ഇപ്പോള്‍ ! അച്ചടിമാധ്യമങ്ങളുടെ ഭാവി ടാബ്‌ലറ്റ് വായനയിലൂടെയാകും എന്ന് കരുതുന്നവരാണ് ഫ്യൂച്ചറിസ്റ്റുകളില്‍ അധികവും.ആപ്പിളിന്റെ ഒരോ ഉപകരണവും കണ്‍സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയുടെ വര്‍ത്തമാനം തന്നെ മാറ്റിയിട്ടുണ്ടന്നതിന് മക്കിന്റോഷ്, ഐ പോഡ്,ഐ ഫോണ്‍ എന്നിവ തന്നെ ഉദാഹരണം ഇപ്പോള്‍ ഐ പാഡും.
- ഭാരതസര്‍ക്കാരിന്റെ ലാപ്ടോപ്പ് : ആയിരത്തിയഞ്ഞൂറ് രൂപ മാത്രം വിലയിട്ട് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതികവകുപ്പ് കുഞ്ഞു കമ്പ്യൂട്ടറിന് മേഖലയിലെ സ്ഥാനം ഔദ്യോഗികമായി അറിയിച്ചത് വന്‍തോതിലാണ് പ്രാധാന്യം നേടിയത്. വിലക്കുറവ് മാത്രമല്ല സര്‍ക്കാര്‍ തന്നെ അത്യന്തം വിപണി വല്‍ക്കരിക്കപ്പെട്ട കമ്പ്യൂട്ടര്‍ രംഗത്തേക്കെത്തിയത് അതും വിലക്കുറവില്‍ മത്സരിച്ച്, സ്വകാര്യ സ്ഥാപനങ്ങളെ പോലും ഞെട്ടിച്ചു. ഐ ഐ ടികള്‍ ഐ ഐ എസ് സി എന്നിവയുടെ ഗവേഷണ മികവിലാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത്. അഞ്ചുവര്‍ഷം മുന്നെ സുദീപ് ബാനര്‍ജിയെന്ന സിവില്‍ സര്‍വീസ് ഓഫീസറുടെ ആശയമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
- ആന്‍ഡ്രോയ്ഡ് - ആന്‍ഡ്രോയ്ഡ് എന്ന സ്ഥാപനം വികസിപ്പിച്ചു തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അഞ്ചുവര്‍ഷം മുന്നെ തന്നെ ഈ സ്ഥാപനത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ സ്ഥാപനമായ ഗൂഗിള്‍ സ്വന്തമാക്കി. ഗൂഗിളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥാപനങ്ങളാണ് ആന്‍ഡ്രോയ്ഡ് വികസിപ്പിക്കുന്നതും പരിഷ്‌കരിച്ചവ ലഭ്യമാക്കുന്നതും. ഇത് കൂടാതെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന വൈവിധ്യമായ ആപ്ലിക്കേഷനുകള്‍ എഴുതിയുണ്ടാക്കുന്ന ഡവലപ്പര്‍മാരുടെ വലിയ ഒരു നിര തന്നെ ആന്‍ഡ്രോയ്ഡിന് ഒപ്പമുണ്ട്. 2010 ല്‍ ഫ്രോയോ, ജിഞ്ചര്‍ബ്രെഡ് എന്നീ രണ്ട് പതിപ്പുകള്‍ ഇറക്കി എന്ന് മാത്രമല്ല പാദവര്‍ഷ വളര്‍ച്ച വച്ച് നോക്കിയാല്‍ മറ്റെല്ലാ മൊബൈല്‍ ഓ എസിനെയും നിഷ്‌പ്രഭമാക്കി ആന്‍ഡ്രോയ്ഡ് വളരുകയാണ്. ഒരു പക്ഷെ ഗൂഗിളിന്റെ മാത്രമല്ല മൊബൈല്‍ ഫോണുകളുടെ ചരിത്രത്തിലും ഒരു പ്രധാന അധ്യായം തന്നെ എഴുതിചേര്‍ത്താണ്2010 ലെ ആന്‍ഡ്രോയ്ഡ് ജൈത്രയാത്ര
- സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ : ആശയവിനിമയത്തിന്റെ തുറസ്സിനെ ഇത്രമേല്‍ ജനാധിപത്യവല്‍ക്കരിച്ച ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ ഇല്ല എന്ന് പറയാം. ഫേസ്ബുക്കില്‍ 50 കോടി,ട്വിറ്ററില്‍ 10 കോടി എന്നീ നാഴികകല്ലുകള്‍ പിന്നിട്ടത് മാത്രമല്ല. ഇന്ന് ഗൌരവമായ പല ചര്‍ച്ചകള്‍ക്കും വേദിയാകുന്നത് ഇവ തന്നെ. വിക്കിലീക്ക്സിനെ അമര്‍ത്തി കൊല്ലാന്‍ ഭരണകൂടം ശ്രമിച്ചപ്പോഴും മാറിയ വെബ്‌വിലാസങ്ങളും അപ്ഡേറ്റുകളും അപ്പപ്പോള്‍ ജനസഞ്ചയത്തിലേക്കെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഹിച്ച പങ്ക് ചെറുതല്ല. ചിലര്‍ക്ക് മന്ത്രികസേര പോകാന്‍ പോലും ട്വിറ്റര്‍ മൊഴിയമ്പുകള്‍ കാരണമായി എന്നത് മറക്കുമോ രാഷ്ട്രീയ ഭൂമിക. കവി സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ സാഹിത്യത്തിലെ പുതുനാമ്പുകളും ഫേസ്ബുക്ക് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് ഫേസ്ബുക്ക് സമൂഹത്തിന്റെ സമസ്ഥമേഖലകളിലെ ചര്‍ച്ചയിലും എത്തുന്നതിന്റെ ഉദാഹരണം
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് - "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ഒരു സംഘം മലയാളഭാഷാ സ്നേഹികളായ കമ്പ്യൂട്ടര്‍ വിദഗ്ദരുടെ കൂട്ടായ പ്രയത്നം മലയാളി സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനം വേണ്ടവിധത്തില്‍ അധികാരകേന്ദ്രങ്ങളും മാധ്യമങ്ങളും അംഗീകരിച്ചുവോ എന്ന സംശയം ഇല്ലാതില്ല, എന്നിരുന്നാലും ഈ അര്‍പണബോധമുള്ള പ്രവര്‍ത്തകരുടെ മൂല്യബോധത്തോടെയുള്ള സേവനം എക്കാലവും സ്‌മരിക്കേണ്ടത് നമ്മുടെ കടമയാണ്.ഒപ്പം ഈ സംഘത്തോടോപ്പം ചേരുകയുമാകാം. കൂടുതല്‍ ഭാഷാ കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ക്ക് ഈ ലിങ്ക്സന്ദര്‍ശിക്കുക
വാര്‍ത്താ സംഭവങ്ങള്‍
- വിക്കിലീക്ക്സ് : ഇന്റര്‍നെറ്റിന്റെ കരുത്തും എവിടെയും കടന്നെത്തി ജനോപകാരമായ തലത്തില്‍ തന്നെ ഭരണകൂടത്തെയും മറ്റും മാധ്യമതുറസ്സിലേക്ക് വലിച്ചിടാനുള്ള സാധ്യതയും ഇത്രയധികം വ്യക്തമായ സംഭവം ചരിത്രത്തിലില്ല. അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പൊള്ളത്തരങ്ങളും കള്ളക്കളികളും അമേരീക്ക അടക്കമുള്ള പ്രബലരെ അലോസരപ്പെടുത്തിയെന്നതിന് 2010 സാക്ഷ്യം വഹിച്ചു, ഇതിന്റെ സഹസ്ഥാപകരിലൊരാള്‍ ഓപ്പണ്‍ ലീക്ക്സ് എന്ന സമാനമായ മറ്റൊന്ന് കൂടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതും പോയ വര്‍ഷമായിരുന്നു. ഇനിയും എത്രയോ വിവരം വിക്കിലീക്ക്സില്‍ നിന്നും വരാനിരിക്കുന്നു എന്നതിനേക്കാള്‍ ശ്രദ്ധേയം പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഒരു പക്ഷെ അറിയാമായിരുന്ന അല്ലെങ്കില്‍ അവര്‍ക്ക് ചെന്നെത്തപ്പെടാന്‍ ദുര്‍ഗ്രാഹ്യമായിരുന്ന നിഗൂഡസ്ഥലങ്ങളിലേക്കാണ് വീക്കിലീക്ക്സിന്റെ വാര്‍ത്താമുന ചെന്നെത്തിയത്. ഇത് സാധാരണാക്കാരായ പൌരന്മാരെ പോലും ആത്മവിശ്വാസമുള്ളവരാക്കും കാരണം പരമ്പരാഗത മാധ്യമങ്ങളും ആഭ്യന്തര-രാജ്യാന്തര അന്വേഷണ എജന്‍സികള്‍ പോലും പരിശോധിക്കാന്‍ മടിക്കുന്ന പലവിവരങ്ങളും പൊതുജനമധ്യത്തിലേക്കെത്തിച്ച് അവരെ തുറന്ന് കാട്ടാമല്ലോ.
- ത്രീ ജി സ്പെക്ട്രം അഴിമതി : വിവര വിനിമയ സങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അഴിമതി എന്നത് മാത്രമല്ല പ്രബലരായ മാധ്യമ പ്രവര്‍ത്തകലാല്‍ വരെ അടിച്ചൊതുക്കപ്പെട്ട ഈ വാര്‍ത്ത ജനസമക്ഷം എത്താന്‍ ഇന്റര്‍നെറ്റ് വഹിച്ച പങ്ക് ചെറുതല്ല. ബര്‍ഖാഗേറ്റ് എന്നും സ്പെക്ട്രം സ്‌കാം എന്നും ടാഗ് ചെയ്യപ്പെട്ട എത്ര ലക്ഷം കുറിപ്പുകളുമാണ് ഒരോ ദിനവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പറന്നു നടന്നത്. സംഭാഷണങ്ങളുടെ ഒരു പങ്ക് ഓപ്പണ്‍ മാഗസിന്‍ അവരുടെ വെബ് സൈറ്റ് വഴിയാണ് പുറത്തെത്തിയത്. താമസിയാതെ സിറ്റിസണ്‍ ജേണലിസറ്റുകള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ഒരു പക്ഷെ നവമാധ്യമ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കില്‍ ഇത് ഇത്രകണ്ട് ചര്‍ച്ചചെയ്യപ്പെടുമോ എന്ന സന്ദേഹം ബാക്കി.
- ബ്ലാക്ക് ബെറി നിരോധനം : ഒരു നിയന്ത്രണവുമില്ലാതെ വിവരകൈമാറ്റം ആഭ്യന്തരസുരക്ഷയെ പ്രതിക്കൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങള്‍ ബ്ലാക്ക്ബെറി ഫോണ്‍ നിര്‍മ്മാതക്കളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നു, മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് നിരോധനം എന്ന അവസാനായുധവും എടുത്തുപയോഗിക്കാന്‍ ഒരുമ്പെടുന്നു. ബ്ലാക്‍ബെറി ഒഴിച്ചുള്ള ഫോണുകളെല്ലാം ഇന്റര്‍നെറ്റ് വിനിമയം സാധ്യമാക്കുന്ന സേവനം നല്‍കാനുള്ള ചുമതല ഒരോ നാട്ടിലെയും മൊബീല്‍ സേവന ദാതാക്കള്‍ക്ക് വീട്ടുകൊടുത്തിരിക്കുന്നു.ഇവരെല്ലാം നാട്ടില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സെര്‍വര്‍ വഴിയോ ഇല്ലെങ്കില്‍ നാട്ടിലെ ആഭ്യന്തരസുരക്ഷാ എജന്‍സികള്‍ക്ക് നിരീക്ഷിക്കാവുന്ന തരത്തിലാണ് വിവരവിനിമയം സാധ്യമാക്കുന്നത്. എന്നാല്‍ ബ്ലാക്ക്ബെറികള്‍ തമ്മിലുള്ള ആശയവിനിമയം തദ്ദേശിയമായ പാതയിലൂടെയാണ് നീങ്ങുന്നതെങ്കില്‍ പോലും അത് നിരിക്ഷിക്കാനാവില്ല. ഇതാണ് 2010 ല്‍ ബ്ലാക്ക്‍ബെറിയെ വാര്‍ത്തയില്‍ നിറഞ്ഞു നിര്‍ത്തിയത്
- നമ്പര്‍ പോര്‍ട്ടബിലിറ്റി : ഇനി നിങ്ങളുടെ മൊബീല്‍ നമ്പര്‍ നിങ്ങള്‍ക്ക് സ്വന്തം എന്ന അശയവുമായി എത്തിയ ടെലകോം അനുഗ്രഹമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി. അതായത് ഒരു പ്രാവശ്യം ഒരു ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ അതു തന്നെ തുടര്‍ന്ന് എത് കമ്പനിയുടെ സേവനവും ഉപയോക്താക്കളുടെ ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കമ്പനിയുടെ സേവനത്തിലേക്ക് തളച്ചിടപ്പെടുന്നില്ല. അതായത് ഇനി കമ്പനികള്‍ക്ക് മത്സരിക്കാനാകുന്നത് സേവനനിലവാരം മെച്ചപ്പെടുത്തി മാത്രമാകും അല്ലെങ്കില്‍ നിരക്കിലെ ചിലവ് കുറയ്‌ക്കാം. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പലവുരു മാറ്റിവയ്‌ക്കപ്പെട്ട സംവിധാനമാണ് 2010 ന്റെ അവസാന പകുതിയില്‍ നടപ്പാക്കി തുടങ്ങാന്‍ സര്‍ക്കാരും ട്രായ് യും നിര്‍ബന്ധിതമായത്. 2011 അവസാനിക്കുന്നതിന് മുന്നെ തന്നെ ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം നിലവില്‍ വരും.
- സൈബര്‍ വാര്‍ : കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമോ, നെറ്റ്വര്‍ക്കിലേക്കുള്ള നുഴഞ്ഞുകയറ്റമോ ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിവുള്ള വിഷയമാണ് എന്നാല്‍ ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും വര്‍ഷാവസാനം ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ വരും കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണോ എന്ന് സന്ദേഹിച്ചാലും തെറ്റ് പറയാനാകില്ല. സ്റ്റക്‍സ്‌നെറ്റ് ( Stuxnet Computer worm)ആണ് 2010 ജൂണ്‍ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ സൈബര്‍ യുദ്ധമുന . കുഞ്ഞ് കമ്പ്യൂട്ടര്‍ വ്യൂഹങ്ങളെ സ്റ്റക്‍സ്നെറ്റ് ലക്ഷ്യമിടുന്നില്ല, മറിച്ച് ആണവവൈദ്യുത നിലയങ്ങള്‍ ,മെട്രോ നഗരങ്ങളിലെ സങ്കീര്‍ണമായ ജലവിതരണ സംവിധാനം , എണ്ണശുദ്ധീകരണ ശാല, വന്‍ എഞ്ചിനീയറിംഗ് വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ആണവ വൈദ്യുത നിലയത്തിന്റെ നിയന്ത്രണം ഒരു സെക്കന്റിന്റെ നൂറിലൊരംശം സമയം കൈവിട്ടുപോയാലുണ്ടാകുന്ന ദുരന്തം പ്രവചിക്കാനാകാത്തതാകും. ഭൌതികമായി ആണവറിയാക്‍ടറിന്റെ കേന്ദ്രസ്ഥാനത്ത് ബോംബിട്ട് തകര്‍ക്കുന്നതിലും കൃത്യമായും എളുപ്പത്തിലും ഇത് സാധിക്കുന്നു. എന്നാല്‍ ലോകത്തിലെ ആദ്യത്തെ സൈബര്‍ മഹായുധം എന്ന് തന്നെ വിളിക്കപ്പെട്ടു കഴിഞ്ഞു സ്റ്റക്‍സ്‌നെറ്റ്. സിമാന്റെക് (Symantec) നിരീക്ഷണവിഭാഗം പറയുന്നത് വിശ്വാസത്തിലെടുത്താല്‍ ഈ മാല്‍വെയര്‍ ആക്രമണത്തിന് വിധേയമായ കമ്പ്യൂട്ടറില്‍ അറുപത് ശതമാനം ഇറാനിലും പതിനെട്ട് ശതമാനം ഇന്ത്യോനേഷ്യയിലും ആണ്. എന്നാല്‍ വന്‍തോതില്‍ കൂറ്റന്‍ കമ്പ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ പരിപാലിക്കപ്പെടുന്ന എഞ്ചിനീയറിംഗ് ശാലകള്‍ ഉള്ള അമേരിക്കയില്‍ കേവലം രണ്ട് ശതമാനം മാത്രമേ ഈ ആക്രമണം എത്തിയുള്ളൂ എന്നതില്‍ അപ്രഖ്യാപിത യുദ്ധ നീക്കമാണോ എന്ന് സംശയിക്കുന്നവര്‍ ധാരാളം. ഇറാനിലെ ആണവനിലയത്തിലെ സൈബര്‍ ആക്രമണം ഔദ്യോഗിക വാര്‍ത്താ എജന്‍സി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്ക കഴിഞ്ഞ മറ്റ് രാജ്യങ്ങളുടെ സഹായത്താലും അല്ലാതെയും ഇറാനുമേല്‍ ആണവ പരിപാടികളില്‍ നിന്ന് പിന്‍തിരിയാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ സാമ്പത്തിക ഉപരോധം അടക്കം പ്രയോഗിച്ചിട്ടും നിര്‍ദ്ദിഷ്ഠ പരിപാടികളുമായി ഇറാന്‍ തെല്ലും കൂസാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നടുക്കുന്ന വര്‍ത്തമാനം പുറത്തു വരുന്നത്.
പ്രബലര്‍ പ്രമുഖര്‍
- മാര്‍ക്ക് സക്കര്‍ബര്‍ഗ് : 26 വയസ് മാത്രമുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് സംരംഭകന്‍ ഇന്ന് സാങ്കേതികലോകത്തെ യുവരാജാവാണ്. ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം എറ്റവും പ്രായം കുറഞ്ഞ ശതകോടിശ്വരന്മാരില്‍ ഒരാളാണ്. മൈക്രോസോഫ്ട് ,ഗൂഗിള്‍ എന്നീ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുകയാണങ്കില്‍ പോലും ശരവേഗത്തിലാണ് ഫേസ്‌ബുക്കിന്റെ വളര്‍ച്ച. ഇതുകൊണ്ടാകണം 2010 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാസിക ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 2004 ല്‍ നിലവില്‍ വന്ന ഫേസ്‌ബുക്ക് ഇതിനിടെ തന്നെ 50 കോടി ഉപയോക്താക്കളെ ആകര്‍ഷിച്ചു കഴിഞ്ഞു, 2012 ല്‍ 100 കോടി കടക്കുമെന്ന് അനുമാനിക്കുന്നു. അതായത് ഭാരതത്തിലെ ജനസംഖ്യയിലധികം. ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ സംരംഭം നിരന്തരം പലമാറ്റങ്ങള്‍ക്കും വിധേയമാകാറുമുണ്ട്. പോയ വര്‍ഷം അവസാന പാദത്തിലാണ് ഇമെയില്‍ സമാനമായ സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ടെക്‍സ്നേഹികളെ ആകര്‍ഷിച്ചത്. ബ്രട്ടീഷ് രാജ്ഞിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും മാത്രമല്ല രാഷ്ട്രീയ-സാമ്പത്തിക-സാഹിത്യ-ചലചിത്ര മേഖലകളിലെ ചെറുതും വലുതുമായ താരങ്ങളും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സേവനം ഉപയോഗിക്കുന്നവരാണന്നത് വിജയചിഹ്നമായെടുക്കാം.
- ജൂലിയന്‍ അസാന്‍ജെ : വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് വിക്കിലീക്ക്സ് സ്ഥാപകന്‍ എന്നതുപോലെ തന്നെ ഭരണകൂടങ്ങളാല്‍ വേട്ടയാടപ്പെട്ടതു കൂടി കൊണ്ടാണ്. ലൈംഗികാരോപണം മുതല്‍ ദേശസുരക്ഷക്ക് എതിരുനില്‍ക്കുന്ന വകുപ്പിലുള്ള കേസുവരെ ചാര്‍ജ് ചെയ്യപ്പെട്ടു. ഒരു പക്ഷെ ജീവന്‍ പോലും അപായപ്പെടാന്‍ സാധ്യതയുണ്ടന്ന് ഭയന്നു, എന്നിരുന്നാലും താന്‍ തുടങ്ങി വച്ച വെളിപ്പെടുത്തലുകള്‍ വിരാമമില്ലാതെ തുടരുമെന്ന് പറഞ്ഞ പോരാളി. ടൈം മാസികയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ഇദ്ദേഹം സൃഷ്ടിച്ച മാറ്റങ്ങള്‍ അധികാരകേന്ദ്രങ്ങളെ പിടിച്ചു കുലുക്കി എന്നതിന് തെളിവ്.
- ഫിറോസ് അബൗഖാദിജെ : വെറും 19 വയസ് മാത്രമുള്ള സ്റ്റാന്‍ഫഡ് വിദ്യാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുന്നത് സ്ഥാപനം കെട്ടിപ്പടുത്തതോ അല്ലെങ്കില്‍ വിപ്ലവകാരിയായതോ കൊണ്ടല്ല. ഇദ്ദേഹം വരും കാല ചരിത്രത്തില്‍ ആരുമല്ല. നമ്മെ പോലെ ശരാശരിക്കാരന്‍ . ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെ വിസ്‌മയിപ്പിച്ച ഈ പ്രോഗ്രാമര്‍ക്ക് ഉടനടി തന്നെ ഗൂഗിളില്‍ ജോലി ഓഫര്‍ കിട്ടിയതിലൂടെ വാര്‍ത്താമൂല്യം നേടി. ഫിറോസിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മികവിന്റെ പര്യായമായവര്‍ എത് സാഹചര്യങ്ങളില്‍ നിന്ന് വന്നാലും അര്‍ഹിച്ചത് കിട്ടും എന്നതിന്റെ ബലത്തിലാണ്. അതായത് വായനക്കാരായ നിങ്ങളുടെ പ്രതിനിധി. സെര്‍ച്ചിങിലെ പുത്തന്‍ ഫീച്ചറായി2010 ല്‍ ഇന്‍സ്റ്റന്റ് എന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചതിന് പിന്നാലെ യൂ ട്യൂബ് ഇന്‍സ്റ്റന്റ് അവതരിപ്പിക്കുക മാത്രമല്‍ ആ വിവരം സന്ദേശമായി ട്വിറ്ററില്‍ ഇടുകയും ചെയ്തു. നോക്കണം എത്രയോ നാളത്തെ കഠിനാധ്വാനം കൊണ്ട് ഗൂഗിള്‍ സാങ്കേതികവിദഗ്ദര്‍ തയാറാക്കിയ അതേ സൌകര്യമാണ് കേവലം മണിക്കൂറുകള്‍ കൊണ്ട് ഫിറോസ് അതേ മികവോടെ മറ്റൊരാവശ്യത്തിന് -യൂ ട്യൂബ്- എഴുതിയുണ്ടാക്കിയത്. യുടൂബിന്റെ മേധാവി ചാഡ് ഹര്‍ലിയുടെ മെയില്‍ ഉടനെ എത്തി “യൂ ട്യൂബ് ഇന്‍സ്റ്റന്റ് ഇഷ്ടമായി. കൂടെ കൂടുന്നോ, ജോലി നല്‍കാം” അമേരിക്കന്‍ ദിനപത്രങ്ങള്‍ അടക്കം ഈ യുവാവിനെ പ്രകീര്‍ത്തിച്ചു. വരും കാലത്ത് ഫിറോസ് ആരും ആകുമായിരിക്കാം ഇല്ലായിരിക്കാം എങ്കിലും നൂതനമായ ഒരു ആശയം ഉണ്ടെങ്കില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്താന്‍ മറ്റൊന്നും ആവശ്യമില്ലന്ന് ബോധ്യപ്പെടുത്തുന്ന 2010 ന്റെ ഐ ടി സാന്നിദ്ധ്യമായി ഇദ്ദേഹം മാറി.
- നന്ദന്‍ നിലേകാനി : കേന്ദ്ര സര്‍ക്കാരിന്റെ പതാകവാഹക പദ്ധതിയായ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ അമരക്കാരനായാണ് നന്ദന്‍ നിലേകാനി 2010 ല്‍ വാര്‍ത്തകളില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയുടെ റാങ്ക് നല്‍കിയാണ് പദ്ധതി നിര്‍വഹണത്തിനായി നിലേകാനിയെ നിയോഗിച്ചത്. വിവിധ മേഖലകളിലെ വിദഗ്ദരായ ഒരു സംഘം ആളുകളുമായി യുഐഡി പ്രവര്‍ത്തനം തുടങ്ങുകയും ആദ്യ നമ്പര്‍ 2010 ല്‍ നല്‍കി ‘ആധാര്‍ ‘ ന് തുടക്കം കുറിച്ചു.വന്‍തോതിലുള്ള മാറ്റമായിരിക്കും ഇത് കൊണ്ട് വരികയെന്ന് നിലേകാനി വാദിക്കുന്നു. അതേ സമയം തന്നെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വ്യക്തിസ്വാതന്ത്ര്യത്തില്‍ സാങ്കേതികവിദ്യ കടന്നു കയറുന്നു എന്ന ആരോപണത്തിന് പ്രവര്‍ത്തനത്തിലൂടെ നിലേകാനി മറുപടി പറയേണ്ടതുണ്ട്. എതായാലും തികച്ചും സ്വകാര്യമായ ഒരു വമ്പന്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഒരു സര്‍ക്കാര്‍ സംരംഭത്തില്‍ പങ്കാളിയായെത്തിയത് മാറ്റത്തിന്റെ ശുഭസൂചനയാണ്. ഇന്‍ഫോസിസ് തുടങ്ങിയ ആദ്യവര്‍ഷം മുതല്‍ നിരന്തരം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നിലേകാനിയുടെ പ്രതിഭയുടെ മാറ്റുരച്ചു തുടങ്ങിയ വര്‍ഷമാണ് 2010. ഇനി കാത്തീരുന്ന് കാണാം.
- ടിം ബെര്‍ണേഴ്സ് ലീ : WWWകണ്ടുപിടിച്ചതിലൂടെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്ക് നിസ്‌തുല സംഭാവന നല്‍കിയ വ്യക്തിത്വം. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3C) അമരക്കാരനായിരുന്ന് ഈ മേഖലയുടെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. 1991 ആഗസ്റ്റില്‍ CERN ല്‍ ഉണ്ടാക്കിയ ആദ്യ വെബ്സൈറ്റിന്റെ ഇരുപതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുമെന്നത് മാത്രമല്ല ഇന്റര്‍നെറ്റ് ഉള്ള എക്കാലവും ഇദ്ദേഹം സ്‌മരിക്കപ്പെടും. മുഖ്യകൃതി: Weaving the Web: The Past, Present and Future of the World Wide Web by its Inventor
പുസ്തകങ്ങള്‍
ഇതില്‍ മിക്കപുസ്‌തകങ്ങളും 2010 ല്‍ എഴുതിയത് അല്ലെങ്കിലും പോയ വര്‍ഷം കൂടുതല്‍ വായനക്കും വിശകലനത്തിനും വിധേയമായി എന്നതിനാല്‍ ഉള്‍പ്പെടുത്തുന്നു. നിലവില്‍ ഐ ടി സംരംഭം നടത്തുന്നവര്‍ക്കും പുതുതായി എത്താന്‍ താത്പര്യമുള്ളവര്‍ക്കും ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലും രേഖപ്പെടുത്തലിലും എര്‍പ്പെടുന്നവര്‍ക്ക് ഉപകാരമായ 5 പുസ്തകങ്ങള്‍
- txtng – the gr8 db8by David Crystal
- Imagining India – Nandan Nilekani
- Connect the DOTS -Rasmi Bansal
- E-Habits – What you must optimise your professional digital presenceby Elizabeth Charnock
- BPO Sutra – True Stories from India's BPO and Call centersCompiled and Edited by Sudhindra Mokhasi
No comments:
Post a Comment