Saturday, April 21, 2012

ഐടി കരിയറ്

 ഐടി കരിയറ്

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌        

ഐ.ടി. വിപ്ലവത്തിന്‌ ശേഷം വിദ്യാഭ്യാസ-വ്യവസായ മേഖലകളെ കാത്തരിക്കുന്നത്‌ ബി.ടി(ബയോ ടെക്‌) വിപ്ലവമാണെന്ന്‌ സാങ്കേതിക വിദഗ്‌ദരും വിപണി നിരീക്ഷകരും ഒരു പോലെ അഭിപ്രായപ്പെടുന്നു. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പഠന പദ്ധതികള്‍ നിലവിലുണ്ട്‌. എന്നാല്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ എന്ന നൂതന പഠനശാഖ വിവരവിനിമയ സാങ്കേതികവിദ്യയുടെയും ജീവശാസ്‌ത്ര വിഭാഗത്തിന്റെയും സമ്മിശ്രമായ പ്രയോഗമാണ്‌. ജനിതക എന്‍ജിനീയറിംഗ്‌, ഔഷധ നിര്‍മ്മാണം എന്നിവയ്‌ക്കാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അധിഷ്‌ഠിത ആപ്ലിക്കേഷനുകള്‍ നവചൈതന്യം പകരുന്നത്‌. കംപ്യൂട്ടര്‍ അഭിരുചിയുള്ള ജീവശാസ്‌ത്ര തത്‌പരര്‍ക്ക്‌ പഠിക്കാനും പ്രവര്‍ത്തിക്കാനും തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നത്‌ ബയോഇന്‍ഫര്‍മാറ്റിക്‌സിനെ വേറിട്ട പഠന പദ്ധതിയാക്കുന്നു. കേരള സര്‍വകലാശാല ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രത്തിന്റെ ഹോണററി ഡയറക്‌ടര്‍ ഡോ: അച്യുത്‌ ശങ്കര്‍ എസ്‌. നായര്‍ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌ " ഇന്‍ഫര്‍മാറ്റിക്‌സും കമ്പ്യൂട്ടേഷണല്‍ ബയോളജിയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രാധാന്യം നേടുന്നുണ്ട്‌. ഇതിന്റെ ചിറകിലേറി അനുബന്ധ വ്യവസായങ്ങളും ത്വരിത ഗതിയില്‍ വളര്‍ച്ച നേടുന്നു. 1.82 ശതകോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിപണിമൂല്യമായി കണക്കാക്കിയത്‌".

എന്തൊക്കെയാണ്‌ പഠന വിഷയങ്ങള്‍
ജീവശാസ്‌ത്രമേഖലയില്‍ നിന്നും വരുന്നവര്‍ക്ക്‌ കംപ്യൂട്ടര്‍ സയന്‍സും, കംപ്യൂട്ടര്‍ സയന്‍സ്‌ മേഖലയില്‍നിന്നും വരുന്നവര്‍ക്ക്‌ അടിസ്ഥാന ജീവശാസ്‌ത്രവും ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ ഭാഗമായി പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണമായി കംപ്യൂട്ടര്‍ എന്‍ജിനീയറായ ഒരു വിദ്യാര്‍ത്ഥി എം.ടെക്‌, എം.എസ്‌സി ബിരുദാനന്തരബിരുദ പഠനത്തിനായി തിരഞ്ഞെടുത്താല്‍ ഇവര്‍ക്ക്‌ പത്താം ക്ലാസിന്‌ ശേഷം ജീവശാസ്‌ത്രത്തില്‍ അപ്‌ഡേറ്റ്‌ വിവരങ്ങള്‍ പഠനത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ ജീവശാസ്‌ത്ര വിവരങ്ങള്‍ അരക്കിട്ട്‌ ഉറപ്പിക്കാനായി ഇക്കൂട്ടര്‍ ജീവശാസ്‌ത്രത്തില്‍ (ബയോളജി) ചില പേപ്പറുകള്‍ പഠിക്കേണ്ടത്‌ അനിവാര്യം. ജീവശാസ്‌ത്ര ബിരുദധാരി നേരേ തിരിച്ചും. Data structure & Algorithm, Genomics&Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനശാഖയിലെ പ്രധാന പഠനവിഭവങ്ങള്‍. ഇതുകൂടാതെ മാത്‌ലാബ്‌ പോലെയുള്ള സോഫ്‌ട്‌ വെയര്‍ ടൂളിലും പഠന കാലയളവില്‍ പ്രാവിണ്യം നേടേണ്ടതുണ്ട്‌. ജീവശാസ്‌ത്രത്തില്‍ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട്‌ വിവരപ്പെരുക്കമാണ്‌ ഒരു ഗവേഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഐ.ടിയുടെ പ്രയോഗം ഈ വിവരശേഖരത്തെ ക്രമപ്പെടുത്തുന്നു അഥവാ വിവരമെരുക്കം നടത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്‌ത്ര സമൂഹത്തില്‍ എത്തിക്കുന്നു.
ജീവശാസ്‌ത്ര പഠനമേഖല ഗണിതവുമായി നേരിട്ട്‌ ബന്ധമില്ല എന്നതായിരുന്നു പൊതുവിശ്വാസം. മാത്രമല്ല ഗണിതത്തില്‍ അത്രയ്‌ക്ക്‌ താത്‌പര്യമില്ലാത്തവര്‍ ജീവശാസ്‌ത്രപഠനത്തിലേക്ക്‌ തിരിഞ്ഞതും ഈ കാരണത്താലായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌ ജീവലോകവും ഗണിതത്തിന്റെ വിഹാരമേഖലയാണെന്നാണ്‌. സ്ഥിതിവിവരശാസ്‌ത്രം(Statistics) ഉപയോഗിച്ച്‌ ജനിതക ഗവേഷണത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുന്നത്‌ തന്നെ ഉദാഹരണം.

എവിടെ പഠിക്കാം
ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനത്തിന്‌ അവസരമൊരുക്കുന്നു. ബിരുദതലത്തില്‍ പ്രൊഫഷണല്‍ ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ നിലവിലില്ല. കേരളത്തിന്‌ പുറത്ത്‌ തമിഴ്‌നാട്‌ കാര്‍ഷിക സര്‍വ്വകലാശാല, അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, 'ശാസ്‌ത്ര' സര്‍വ്വകലാശാല തഞ്ചാവൂര്‍ എന്നിവ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എന്‍ജിനീയറിംഗ്‌ ബിരുദം (B.Tech, B.E) നല്‍കുന്നുണ്ട്‌. നോര്‍ത്ത്‌ ഒറീസ സര്‍വ്വകലാശാലയില്‍ B.Sc (Hons) ലഭ്യമാണ്‌. ബിരുദപഠനത്തെ അപേക്ഷിച്ച്‌ ബിരുദാനന്തര ബിരുദത്തിന്‌ ഒട്ടേറെ വിശ്രുത സ്ഥാപനങ്ങള്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. കേരള സര്‍വകലാശാലയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രം M.Phil ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കൂടാതെ M.Sc കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്‌. ഈ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ഇന്‍ഡസ്‌ട്രി ഇന്‍കുബേഷനില്‍ വിരിഞ്ഞ സൂര്യകിരണ്‍ (www.sooryakiran.com) എന്ന സ്ഥാപനം ഒരു ജോലി എന്നതിലുപരിയായി വിദ്യാര്‍ത്ഥികള്‍ക്കുതന്നെ തുടക്കം കുറിക്കാനാകുന്ന ഒരു വ്യവസായ സംരംഭത്തിന്റെ കഥകൂടിയാണ്‌. പൂനെ സര്‍വ്വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനകേന്ദ്രം ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാണ്‌. ഇവിടെ എം.ഫില്‍, പിഎച്ച്‌.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്‌സി പ്രോഗാമും നടത്തുന്നു. മദ്രാസ്‌, ഹൈദ്രാബാദ്‌, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ്‌ ഹിന്ദു എന്നീ സര്‍വ്വകലാശാലകളും ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്‍ക്കൊപ്പം ഡല്‍ഹി അരുണ ആസഫലി മാര്‍ഗിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്‌ടറല്‍ പഠന സൗകര്യം നല്‍കുന്നു.

എവിടെയാകും ജോലി ലഭിക്കുക
നിലവില്‍ ഔഷധ നിര്‍മ്മാണവുമായിബന്ധപ്പെട്ട്‌ ഒട്ടേറെ അവസരങ്ങള്‍ ലഭ്യമാണ്‌. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (http://rgcb.res.in) പോലുളള സ്ഥാപനങ്ങളുടെ R&D യില്‍ ഗവേഷകരാകാം. ജീന്‍ ഫൈന്റിംഗ്‌, ജിനോം അസംബ്ലി, പ്രോട്ടീന്‍ സീക്വന്‍സ്‌ അലൈന്‍മെന്റ്‌, പ്രോട്ടീന്‍ സ്‌ട്രക്‌ച്ചര്‍ അനാലിസിസ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മേഖലയിലും(Healthcare Sector) മെഡിക്കല്‍ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പ്രഫഷണലുകളെ കാത്തിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്‌ പൂനെ സര്‍വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.
വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ ഒന്നോര്‍ക്കുക, കേവലം ബിരുദത്തെക്കാള്‍ ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌, പോസ്റ്റ്‌ ഡോക്‌ടറല്‍ എന്നീ യോഗ്യതകള്‍ കൂടി കരസ്ഥമാക്കിയാലെ ഈ മേഖലയില്‍ തിളങ്ങാനാകൂ. ഈ ലക്ഷ്യവുമായി തുടങ്ങിയാല്‍ ശ്രദ്ധേയമായ കരിയര്‍ ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

No comments:

Post a Comment