Saturday, April 21, 2012

ഐപിടിവി അവതരിക്കുന്നു


ഐപിടിവി അവതരിക്കുന്നു

റേഡിയോ കഴിഞ്ഞാല്‍ ഇന്ന്‌ ഏറ്റവുമധികം ജനങ്ങളിലെത്തുന്ന വിനോദവിജ്ഞാന ഉപാധിയാണല്ലോ ടെലിവിഷന്‍ . ടെലിവിഷന്‍ പല രീതിയിലാണ്‌ നമ്മുടെ മുന്നില്‍ എത്തുന്നത്‌. ഭൂതല സംപ്രേഷണത്തിലൂടെ ഔദ്യോഗിക ടിവി ചാനലായ ദൂരദര്‍ശന്‍ ഭാരതം മുഴുവന്‍ ലഭ്യമാണ്‌. കേബിള്‍ ടിവി സങ്കേതത്തിലൂടെ അസംഖ്യം ചാനലുകള്‍ എത്തുന്നു. ഒപ്പം ഡയറക്ട്‌ ടു ഹോം (ഡിടിഎച്ച്‌) എന്ന നവീന സങ്കേതംവഴി കേബിള്‍ ശൃംഖല എത്താത്ത കുഗ്രാമങ്ങളില്‍വരെ ഒരു ചെറിയ ഡിഷ്‌ ആന്റിനയുടെയും സെറ്റ്‌ടോപ്‌ ബോക്‌സിന്റെയും സഹായത്തോടെ ഉപഗ്രഹചാനല്‍ പരിപാടികള്‍ ലഭ്യമാക്കുന്നു. എന്നാല്‍, ഈ ശ്രേണിയിലെ പുതിയ അവതാരം ഐപിടിവി എത്തുന്നത്‌ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ ചിറകിലേറിയാണ്‌. നിലവിലുള്ള ചാനല്‍ഘടനയെ പൊളിച്ചെഴുതാന്‍തക്ക ശേഷിയുള്ളതാണ്‌ ഐപിടിവി എന്ന ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ ടെലിവിഷന്‍ . ലോകത്തിലെ എല്ലാ മുഖ്യ അടിസ്ഥാന ടെലികോം സ്ഥാപനങ്ങളും ഐപിടിവിയെ മറ്റൊരു സാമ്പത്തികസ്രോതസ്സായി കാണുന്നതിനാല്‍ വളര്‍ച്ചസാധ്യത ഉറപ്പിക്കാം.

എന്താണ്‌ ഐപിടിവി
ഇന്റര്‍നെറ്റ്‌ പ്രോട്ടോകോളി (ഐപി)നെ അധികരിച്ചുള്ള സേവനകൈമാറ്റമാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ടെലിവിഷന്‍ പരിപാടികള്‍ മാത്രമല്ല, പാട്ടുകള്‍ (audio), സിനിമ (video), വിവരകൈമാറ്റം (data), ടെലിഫോണ്‍സേവനം എന്നിവയും ഐപിടിവി കണക്‌ഷന്‍കൊണ്ട്‌ ഒറ്റയടിക്ക്‌ ഉപയോക്താക്കള്‍ക്ക്‌ കരഗതമാകും. ഇതിനെല്ലാം പുറമെ, സാധാരണ ചാനലുകള്‍പോലെ ഇത്‌ ഒരു ദിശയിലേക്കു (ചാനല്‍ ഓഫീസില്‍നിന്ന്‌ സ്വീകരണമുറിയിലേക്ക്‌) മാത്രമല്ല വിവര-വിജ്ഞാന-വിനോദ പരിപാടികള്‍ എത്തിക്കുന്നത്‌, ഇന്ററാക്ടീവായ രീതിയില്‍ (അങ്ങോട്ടും ഇങ്ങോട്ടും) നേരെ തിരിച്ചും സംവദിക്കാന്‍ ഇത്‌ അരങ്ങൊരുക്കും. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രേക്ഷകര്‍ പങ്കെടുക്കുന്നത്‌ ടെലിഫോണ്‍വഴിയോ മൊബൈല്‍ സന്ദേശം/ഇ-മെയില്‍ വഴിയോ ആണല്ലോ. എന്നാല്‍, ഐപിടിവി പ്രദാനംചെയ്യുന്നത്‌ ദൃശ്യം എത്തുന്ന കമ്പികളിലൂടെതന്നെയുള്ള തിരിച്ചുമുള്ള വിവരകൈമാറ്റമാണ്‌. റിയാലിറ്റിഷോ ഭാവിയില്‍ കൂടുതല്‍ റിയല്‍ ‍! ആകുമെന്നു ചുരുക്കം.
ഐപിടിവിയുടെ എടുത്തുപറയേണ്ട വേറിട്ട സൗകര്യം `ഇഷ്ടാനുസരണമുള്ള വീഡിയോ' (video on demand) തന്നെയാണ്‌. നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കാതെപോയ `ലൈവ്‌' ടെലികാസ്‌റ്റ്‌ വാര്‍ത്തയോ ഏഴുമണി സീരിയലോ പിന്നീട്‌ എപ്പോള്‍ വേണമെങ്കിലും കാണാം. ഐപിടിവി ഓഫീസിലേക്ക്‌ റിമോട്ട്‌വഴി ഇതിനുള്ള സന്ദേശം അയച്ചാല്‍മതി. അതായത്‌ രാത്രി പത്തിനുശേഷം മാത്രമേ സംപ്രേഷണംചെയ്യുകയുള്ളുവെന്ന്‌ ചാനല്‍ വാശിപിടിക്കുന്ന ഭൂത-പ്രേത-പിശാച്‌ പരമ്പര പിറ്റേ ദിവസമോ മറ്റേതെങ്കിലും ദിവസമോ നട്ടുച്ചയ്‌ക്കുവേണമെങ്കിലും കാണാം! ചാനല്‍ ഓഫീസിലോ ഐപിടിവി സേവനദാതാവിന്റെ സെര്‍വറിലോ സൂക്ഷിച്ചിട്ടുള്ള സിനിമ, ഡോക്യുമെന്ററി, മറ്റ്‌ വീഡിയോ ക്ലിപ്പിങ്ങുകള്‍ എന്നിവ റിമോട്ട്‌ നിര്‍ദേശാനുസരണം ഏതുസമയത്തും നിങ്ങളുടെ ടെലിവിഷനിലേക്കെത്തിക്കാം. ടിവി ട്യൂണര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ പരിപാടികള്‍ പകര്‍ത്തി പിന്നീട്‌ കാണുന്ന രീതി ഇന്നുണ്ടെങ്കിലും അതിനായി കംപ്യൂട്ടര്‍, ആവശ്യത്തിന്‌ സംഭരണോപാധി (ഹാര്‍ഡ്‌ ഡിസ്‌ക്‌ സ്ഥലം), ഇത്‌ റെക്കോഡ്‌ചെയ്യാന്‍ അതേസമയം ഒരാളെ ചുമതലപ്പെടുത്തല്‍ എന്നിവ ആരെയും മടുപ്പിക്കും. എന്നാല്‍ , ഐപിടിവിയില്‍ ഇത്തരം ജോലികളെല്ലാം സേവനദാതാവിന്റെ ഉത്തരവാദിത്തമാണ്‌.

എങ്ങനെയാണ്‌ പ്രവര്‍ത്തനം

ഒരു ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ ബന്ധം, സെറ്റ്‌ടോപ്‌ ബോക്‌സ്‌ എന്ന ഒരു ചെറിയ ഉപകരണം, ഐപിടിവി അംഗത്വം എന്നിവയാണ്‌ നമ്മുടെ വീട്ടിലോ ഓഫീസിലോ ഉണ്ടായിരിക്കേണ്ട മാറ്റം. ചെമ്പുകമ്പികള്‍വഴിയുള്ള (last mile: copper loop) ടെലിഫോണ്‍ കണക്‌ഷനാണ്‌ നിലവില്‍ ഐപിടിവി ഉപയോഗിക്കുന്നത്‌. അടിസ്ഥാന ടെലിഫോണ്‍ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കാകും ഈ മാര്‍ക്കറ്റില്‍ ശോഭിക്കാനാകുന്നത്‌. ടിവി ചാനലുകളില്‍നിന്നുള്ള ദൃശ്യശേഖരം ലൈവ്‌ ആയിത്തന്നെ ടെലികോം കമ്പനിയുടെ മുഖ്യ ഓഫീസില്‍ സ്വീകരിക്കുന്നു. ഇത്‌ അവിടെവച്ച്‌ വിവരപ്പൊതി (ഐപി പാക്കറ്റ്‌സ്‌) ആയി വിഭജിച്ച്‌ ടെലികോം കമ്പനിയുടെ മുഖ്യശൃംഖലയിലേക്ക്‌ അയക്കുന്നു. ഇവിടെനിന്ന്‌ പ്രാദേശിക ഐപിടിവി കേന്ദ്രത്തിലേക്കെത്തും. വരിക്കാരുടെ നിയന്ത്രണം, ബില്ലിങ്‌, വരിക്കാരില്‍നിന്നുള്ള സന്ദേശം കൈകാര്യംചെയ്യല്‍ എന്നിവ ഈ കേന്ദ്രത്തില്‍വച്ചാകും നടക്കുക. ഇവിടെനിന്നു നേരിട്ട്‌ നമ്മുടെ ടിവിയോടൊപ്പം ഘടിപ്പിച്ച സെറ്റ്‌ടോപ്‌ ബോക്‌സ്‌വഴി (എസ്‌ടിബി) ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ എത്തും. സെറ്റ്‌ടോപ്‌ ബോക്‌സിനെ നിയന്ത്രിക്കാന്‍ ഒരു റിമോട്ടും ഉണ്ടാകും. ഇതുവഴിയാണ്‌ ചാനലുകള്‍ മാറ്റുന്നതും സന്ദേശമയക്കുന്നതുമെല്ലാം. ഒപ്പം ടിവിയുടെ റിമോട്ട്‌ ശബ്ദതീവ്രത ക്രമീകരിക്കാനും ദൃശ്യത്തിന്‌ നിറവ്യത്യാസം വരുത്താനുംമാത്രം ഉപയോഗിക്കാം!
ചാനല്‍ മാറ്റുമ്പോള്‍ സാധാരണ കേബിള്‍ ടിവിയില്‍ നടക്കുന്നത്‌ ടെലിവിഷന്‍ പ്രസ്‌തുത ചാനലിന്റെ തരംഗവിവരത്തിനനുസരിച്ച്‌ ട്യൂണ്‍ ആകുന്നതാണ്‌. നിങ്ങള്‍ ഏതു ചാനല്‍ എത്രനേരം ആസ്വദിച്ചുവെന്നൊന്നും പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്ക്‌ ഓഫീസില്‍പോലും അറിയാനാകില്ല. എന്തിന്‌, നിലവില്‍ പരസ്യദാതാക്കള്‍ ആശ്രയിക്കുന്നത്‌ TAM (ടാം) റേറ്റിങ്ങിന്‌ തെരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളില്‍ സ്ഥാപിച്ച വിവരചോരണ ഉപകരണത്തിലെ വിവരമാണ്‌. ഇതാകട്ടെ മൊത്തം ടിവി പ്രേക്ഷകരുടെ ആകത്തുക എന്നു പറയാനുമാകില്ല. എന്നാല്‍, ഐപിടിവിയില്‍ നിങ്ങള്‍ ചാനല്‍ മാറ്റുമ്പോള്‍ സംഭവിക്കുന്നത്‌ നേരെ തിരിച്ചാണ്‌. ചാനല്‍മാറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനടി വിവരം പ്രാദേശിക ഐപിടിവി ഓഫീസില്‍ എത്തും. അവര്‍ ഇത്‌ ഐപി ഗ്രൂപ്പ്‌ മെമ്പര്‍ഷിപ്പ്‌ പ്രോട്ടോകോള്‍ (IGMP) പ്രകാരം മാറ്റിത്തരും. ഇതിനെ മള്‍ട്ടികാസ്‌റ്റ്‌ എന്നാണ്‌ പറയുന്നത്‌. ബ്രോഡ്‌കാസ്‌റ്റിങ്‌ അല്ല. റിമോട്ട്‌വഴിയുള്ള ചാനല്‍മാറ്റ സന്ദേശം ലഭിക്കുമ്പോള്‍ത്തന്നെ പ്രസ്‌തുത ചാനലിന്‌ നിങ്ങള്‍ വരിക്കാരനാണോയെന്നു പരിശോധിക്കും. ശേഷം ഉപയോക്താവിനെ ആവശ്യപ്പെട്ട ചാനലിന്റെ പട്ടികയില്‍പ്പെടുത്തും (distribution index). ഇതെല്ലാം ഞൊടിയിടയില്‍ സംഭവിക്കുന്നതിനാല്‍ സാങ്കേതികമായ മാറ്റം കാഴ്‌ചക്കാരന്‍ അറിയുന്നുപോലുമുണ്ടാകില്ല. ചാനല്‍ പ്രവര്‍ത്തകര്‍ക്കാകട്ടെ (പരസ്യദാതാക്കള്‍ക്കും) ഒരു പരിപാടിയുടെ യഥാര്‍ഥ ജനപ്രീതി കൃത്യമായ കണക്കുകളിലൂടെ അറിയുകയുംചെയ്യാം. സാധാരണ ടിവിയിലും നിലവിലുള്ള കംപ്യൂട്ടറിലും ഐപിടിവി പരിപാടികള്‍ ആസ്വദിക്കാം. ടിവിയോ കംപ്യൂട്ടറോ മാറ്റേണ്ടതില്ല.

ഇഷ്ടമുള്ള വീഡിയോ ഇഷ്ടമുള്ള സമയത്ത്‌ എന്നതിനൊപ്പം ഇത്‌ ഒരു ടെലിഫോണ്‍കൂടിയായി പ്രവര്‍ത്തിക്കുമെന്നത്‌ അടുത്ത നേട്ടമാണ്‌. VoIP (Voice over IP) അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇത്‌ വ്യക്തിഗത ആശയവിനിമയത്തിന്‌ ഉപയോഗിക്കാം. സേവന ത്രികം (Triple Service) ആണ്‌ ഐപിടിവി. അതായത്‌ ടെലിഫോണ്‍ , ടെലിവിഷന്‍ , ഇന്റര്‍നെറ്റ്‌ എന്നീ മൂന്നു സേവനങ്ങള്‍ ഒരൊറ്റ ചെമ്പുകമ്പിയിലൂടെ.
ഇ-കൊമേഴസ്‌ ചാനലിലൂടെ വിമാന-തീവണ്ടി ടിക്കറ്റ്‌ ബുക്ക്‌ചെയ്യാനും ആമസോണ്‍ , ഇബേ പോലുള്ള പോര്‍ട്ടലുകളില്‍നിന്ന്‌ ക്രയവിക്രയം നടത്താനും സാധിക്കും. ഇ-ഗവേണന്‍സ്‌, ഇ-മെഡിസിന്‍ പോലുള്ള സേവനങ്ങളും കൂടുതല്‍ ജനകീയമാക്കാന്‍ ഐപി ടിവി കാലം ഉപകരിക്കും. വിദ്യാഭ്യാസ പരിപാടികളെയാണ്‌ ഈ നവീനസൗകര്യം ഏറെ ഉപകാരമുള്ളതാക്കാന്‍ പോകുന്നത്‌. കേരള സര്‍ക്കാരിന്റെ ഐടി@സ്‌കൂള്‍ നിയന്ത്രണത്തിലുള്ള വിക്‌ടേഴ്‌സ്‌, ഇഗ്‌നോയുടെ ജ്ഞാന്‍ദര്‍ശന്‍ എന്നിവയുടെ സമയക്രമമാണ്‌ ഇന്ന്‌ പഠിതാക്കളെ വലയ്‌ക്കുന്നത്‌. ഐപിടിവിയുടെ വീഡിയോ ഓണ്‍ ഡിമാന്‍ഡ്‌ വഴി ഇഷ്ടാനുസരണമുള്ള പാഠഭാഗം സൗകര്യപ്രദമായി വീട്ടിലോ പള്ളിക്കൂടത്തിലോവച്ച്‌ കാണാമല്ലോ. ഇതുകൂടാതെ കാര്‍ഷിക അനുബന്ധ പരിപാടികളും കാലാവസ്ഥാ പ്രവചനവും കൃത്യമായ സ്ഥലത്ത്‌ കൃത്യതയോടെ എത്തിക്കാനുമാകും. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ഇന്ററാക്ടീവ്‌ സൗകര്യം പ്രയോജനപ്പെടുത്തി സംശയനിവാരണം വരുത്താനും സാധിക്കും.
ഐപിടിവി കാലത്ത്‌ തത്സമയ സംപ്രേഷണത്തിനെ ഇഷ്ടസമയക്കാഴ്‌ച (Live TV to Time shift TV) പകരം വയ്‌ക്കുന്നു.

ഉപയോക്താവിന്റെ ഓഫീസ്‌/വീട്ടുവളപ്പില്‍വരെ എത്തുന്ന ഭൗതികമായ ടെലിഫോണ്‍ബന്ധം (physical copper line loop) ആണ്‌ ഐപിടിവിയുടെ മുഖ്യ വാഹകസംവിധാനം എന്നതിനാല്‍ ആരംഭകാലത്ത്‌ ഇതു വിന്യസിക്കുന്നതിന്‌ തടസ്സങ്ങള്‍ നേരിടുന്നുണ്ട്‌. ഒപ്പം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍നിന്ന്‌ ടെലിഫോണ്‍ ഉപകരണംവരെയുള്ള ബന്ധത്തില്‍ സാങ്കേതിക ഭൗതിക തടസ്സങ്ങളും ഏറെയാണ്‌. നിലവില്‍ 50,000 ഐപിടിവി വരിക്കാരെ മാത്രമേ ലഭിച്ചിട്ടുള്ളു. അതേസമയം, 65 ദശലക്ഷം കേബിള്‍ ടിവി വരിക്കാരും 15 ദശലക്ഷം ഡിടിഎച്ച്‌ വരിക്കാരും ഉണ്ടെന്നത്‌ ഐപിടിവി ഇനിയും മുന്നേറാനുള്ള പാത വ്യക്തമാക്കുന്നു. 2012 ഓടെ ഒരു ദശലക്ഷം വരിക്കാരെയാണ്‌ ഐപിടിവി സേവനദാതാക്കളെല്ലാംകൂടി ലക്ഷ്യമിടുന്നത്‌.
മൈ വേ (my Way) എന്ന വാണിജ്യനാമത്തില്‍ പ്രാരംഭഘട്ടത്തില്‍ 54 നഗരങ്ങളിലായി ബിഎസ്‌എന്‍എല്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ്‌ കേരളത്തിലെ നിലവിലെ സേവനലഭ്യത. കേരളത്തില്‍ 35 ലക്ഷം അടിസ്ഥാനഫോണ്‍ വരിക്കാരുള്ളതിനാല്‍ വളര്‍ച്ചനിരക്ക്‌ ശോഭനമാകുമെന്നു പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ 150 ജനപ്രീയ ചാനലുകള്‍ , പ്രത്യേക ഓഹരിവിലനിലവാര സൗകര്യങ്ങള്‍, യാത്രാനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ്‌ മൈ വേയിലൂടെ ബിഎസ്‌എന്‍എല്‍ പദ്ധതിയിടുന്നത്‌. ഐപിടിവി വരിക്കാരിലൂടെ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിനും വര്‍ധിച്ച പ്രചാരം കിട്ടുമെന്നത്‌ എടുത്തുപറയേണ്ട ഗുണഫലമാണ്‌.

1 comment: