Friday, May 4, 2012

TCS IT WIZ

മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വാര്‍ത്തയിലൂടെ.


സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ് ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ച് നടക്കും. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്.

മത്സരത്തിന്റെ പ്രാദേശിക റൌണ്ടുകള്‍ രാജ്യത്തെ പ്രമുഖ 12 നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, പൂനെ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ലക്നൌ, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്ന 12 ടീമുകള്‍, ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ദേശീയ തലത്തിലുള്ള ഫൈനലില്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കും. മത്സരത്തിനിനുള്ള അപേക്ഷകള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി, ഒക്ടോബര്‍ 5ന് മുന്‍പ് കിട്ടത്തക്കവിധം, ടി.സി.എസ്. ഐ.റ്റി. വിസ് കോ-ഓര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, തേജോമയ, എല്‍. & റ്റി. ടെക് പാര്‍ക്ക് ലിമിറ്റഡ്, ഇന്‍‌ഫോ പാര്‍ക്ക് ക്യാമ്പസ്, കുസുമഗിരി പി.ഓ, കാക്കനാട്, കൊച്ചി, എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- ശ്രീമതി ലിമി റോസ്, (ഫോണ്‍) 0484 6618081, (ഫാക്സ്) 0484 6645255, (ഇ-മെയില്‍), limi.rose@tcs.com (മൊബൈല്‍) +91 9037010003. www.tcsitwiz.com എന്ന സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഇക്കൊല്ലം ഉണ്ട്.

കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.

ക്വിസ്സ് ഘടന :- പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.

ഫൈനല്‍ :- ഏറ്റവും മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.

പ്രാദേശിക വിജയികള്‍ ഗാലക്സി ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് പുറമേ ഡിജിറ്റല്‍ ക്യാമറയും ട്രോഫിയും സമ്മാനമായി നേടും. രണ്ടാം സമ്മാനാര്‍ഹര്‍ക്ക് ഓരോ ഐ പോഡ് ടച്ചിന് പുറമേ ട്രോഫിയും ലഭിക്കും. ഫൈനലില്‍ എത്തുന്ന ആറ് ടീമംഗങ്ങള്‍ക്കും കമ്പനിയുടെ വക ട്രാവല്‍ ബാഗ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, യു.എസ്.ബി. പെന്‍ ഡ്രൈവ് മുതലായവ സമ്മാനമായി ലഭിക്കും.

വിഷയം :- ഇന്റര്‍നെറ്റ് ലോകവും വ്യത്യസ്തമായ വെബ് സൈറ്റുകളും, ഐ.റ്റി. പദങ്ങളും അപരപദങ്ങളും, അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ ഐ.റ്റി. വ്യക്തിത്വങ്ങള്‍, ഐ.റ്റി. കമ്പനികളുടെ പരസ്യങ്ങളും, സോഫ്റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും ബ്രാന്‍ഡുകളും, ഐ.റ്റി. ചരിത്രം എന്നതിന് പുറമേ ഐ.റ്റി. ഫലിതങ്ങളുമൊക്കെ ചേര്‍ന്ന വിവരസാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള പ്രായോഗിക വിഷയങ്ങളില്‍ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, ഉല്ലാസം, പുസ്തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, ബാങ്കിങ്ങ്, പരസ്യങ്ങള്‍, സ്പോര്‍ട്ട്സ്, കളികള്‍, സോഷ്യന്‍ നെറ്റ്‌വര്‍ക്കുകള്‍, ബ്ലോഗിങ്ങ്, സെല്‍ ഫോണുകള്‍ എന്നുതുടങ്ങി ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവിധ കാര്യങ്ങളും മത്സര വിഷയത്തിന്റെ ഭാഗമാകും. ടി.സി.എസ്. കമ്പനിയെക്കുറിച്ചുള്ള ഒരു പ്രത്യേക റൌണ്ടും ഉണ്ടായിരിക്കുന്നതാണ്. (റെഫര്‍ ചെയ്യുക - www.tcsitwiz.com & www.tcs.com )

ടാറ്റാ കണ്‍സള്‍ട്ടള്‍സി സര്‍വ്വീസിനെപ്പറ്റി (TCS) :- വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി, വ്യവസായിക പരിഹാരങ്ങള്‍, ആഗോള വ്യവസായത്തിന് ആനുകാലികമായ ഫലപ്രാപ്തി, എന്നിവയൊക്കെ മറ്റേതൊരു ഐ.റ്റി. സ്ഥാപനത്തേക്കാളും ഉയര്‍ന്ന തലത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് നല്‍കുന്നു. ടാറ്റാ വ്യവസായ ശൃഖലയുടെ ഭാഗമായ ടി.സി.എസ്സില്‍, വിദദ്ധ പരിശീലനം ലഭിച്ച 202,000 ല്‍ അധികം കണ്‍സള്‍ട്ടന്‍സ് 42 രാജ്യങ്ങളിലായി സേവനം അനുഷ്ടിക്കുന്നു. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം ചെയ്തിരിക്കുന്ന ടാറ്റാ കള്‍സള്‍ട്ടന്‍സി, നാഷണല്‍ സ്റ്റോക്ക് എക്ച്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്ച്ചേഞ്ച് പട്ടികയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tcs.com സന്ദര്‍ശിക്കുക.

മീഡിയ ബന്ധങ്ങള്‍ക്ക് :‌-

ശ്യാമള എം. പദ്മനാഭന്‍ shamala.p@tcs.com (+91 9820329507)
സുജാത മാധവ് ചന്ദ്രന്‍ sujata.madhav@tcs.com (+91 9249537250)

No comments:

Post a Comment